തിരുവനന്തപുരം : ട്രാഫിക് നിയമ ലംഘനത്തിന് പിഴ അടയ്ക്കാൻ ഇനി ആർടി ഓഫീസ് വരെ പോകേണ്ട. ഇ-ചെലാൻ വഴി പണമടയ്ക്കുന്ന പുതിയ സംവിധാനം നിലവിൽ വന്നു. പിഴയടയ്ക്കാൻ കയ്യിൽ പണമില്ലെങ്കിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി പണമടയ്ക്കാം. ഇതൂകൂടാതെ ഓൺലൈൻ വഴി പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ 100 എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ആൻഡ്രോയ്ഡ് പിഒഎസ് ഡിവൈസ് വഴിയാണ് പണമടക്കാനാകുക. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാനാകും.
വാഹൻ, സാരഥി എന്നീ കേന്ദ്രീകൃത ഓൺലൈൻ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. ഇവയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനം എവിടെ രജിസ്റ്റർ ചെയ്തതാണെങ്കിലും മുഴുവൻ വിവരങ്ങളും ലഭ്യമാകും. നിയമലംഘനം നടത്തി വാഹനം നിറുത്താതെ പോയാൽ കുറ്റപത്രവും പിഴയും സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് ആയി ലഭിക്കും. രജിസ്‌ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച് മുൻപ് നടത്തിയ നിയമലംഘന പട്ടികയുൾപ്പെടെ പരിശോധിക്കുന്ന ഉദ്യോഗസ്ഥന് ലഭിക്കും. നിയമലംഘനങ്ങളുടെ ചിത്രവും കേസിനൊപ്പം ഓൺലൈനായി തന്നെ കോടതിയിൽ സമർപ്പിക്കാനാകും. പിഴയടച്ചില്ലെങ്കിൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.