മുംബയ്: ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സാമൂഹ്യ മാദ്ധ്യമമായ വാട്സാപ്പ് പുതിയ ഡേറ്റ് അധിഷ്ഠിത സെർച്ച് സംവിധാനവുമായി രംഗത്തെത്തുന്നു. ഉപയോക്താവിന് ദിവസങ്ങൾ വച്ച് തനിക്ക് വന്ന സന്ദേശം സെർച്ച് ചെയ്ത് എടുക്കാമെന്നതാണ് പുതിയ സെർച്ച് സംവിധാനത്തിന്റെ പ്രത്യേകത. നിലവിൽ കീ വേർഡ്, ആളുകളുടെ പേരുകൾ എന്നിവ വച്ച് സന്ദേശങ്ങൾ സെർച്ച് ചെയ്ത് എടുക്കാം.ഇതിനൊപ്പമാണ് ഇനി ഡേറ്റ് അടിസ്ഥാനത്തിലുള്ള സെർച്ചിംഗ് വരുന്നത്.
വാട്സാപ്പിന്റെ ഐ.ഒ.എസ് പതിപ്പിലായിരിക്കും ആദ്യഘട്ടത്തിൽ സെർച്ച് സംവിധാനം നിലവിൽ വരിക. ഐ.ഒ.എസ് ഇന്റർഫേസിൽ സെർച്ച് ബാറിൽ ഒരു കലണ്ടർ ഐക്കൺ വച്ചുള്ള ചിത്രങ്ങളാണ് വാട്സാപ്പിലെ പുതിയ പ്രത്യേകതകൾ. വാട്സാപ്പ് ബീറ്റ ഇൻഫോയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. വൈകാതെ തന്നെ ആൻഡ്രോയ്ഡിലും ഈ പ്രത്യേകത എത്തിയേക്കുമെന്നാണ് വിവരം.
ഇപ്പോൾ വാട്സാപ്പ് ടീം ഇതിന്റെ ടെസ്റ്റിംഗ് നടത്തുന്നു എന്നാണ് സൂചന. അതിവേഗത്തിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വാട്സാപ്പിന്റെ അടുത്ത അപ്ഡേറ്റ് പതിപ്പിൽ പുതിയ ഫീച്ചർ ലഭ്യമായേക്കാം. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ഇപ്പോൾ ആൽഫ ടെസ്റ്റിംഗിലാണ് ഈ ഫീച്ചർ.