arrest

തിരുവനന്തപുരം: പൊലീസുകാരൻ സ്പിരിറ്റ് കുടിച്ച് മരിക്കാനിടയായ സംഭവത്തിൽ സുഹൃത്ത് പൊലീസിന്റെ പിടിയിലായി. കടയ്ക്കൽ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇയാളാണ് സ്‌പിരിറ്റ് എത്തിച്ചത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സ്പിരിറ്റിന്റെ ഉറവിടത്തെപ്പറ്റി ഇയാളിൽ നിന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. അതേസമയം മരിച്ച അഖിൽ മലപ്പുറത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വരും വഴി കൊണ്ടുവന്ന ചാരായമാണ് തങ്ങൾ കുടിച്ചതെന്ന് വെളിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനുള്ള വിഷ്ണുവിന്റെ നീക്കം പൊലീസിന്റെ സമർത്ഥമായ ചോദ്യം ചെയ്യലിൽ പൊളിഞ്ഞു.

സംഭവത്തിന്റെ ഉത്തരവാദിത്വം മരിച്ചയാളിന്റെ മേൽ ചുമത്തി കേസിൽ നിന്ന് സമർത്ഥമായി തടിയൂരാനാണ് വിഷ്ണു പൊലീസിനോട് കള്ളം പറഞ്ഞത്. തനിക്കൊന്നും അറിയില്ലെന്നും മലപ്പുറത്ത് നിന്ന് ഡ്യൂട്ടികഴിഞ്ഞ് വിശ്രമത്തിനെത്തിയ അഖിൽ ക്ഷണിച്ചതനുസരിച്ച് വന്ന് മദ്യസൽക്കാരത്തിൽ സംബന്ധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇയാളുടെ ആദ്യമൊഴി.

എന്നാൽ മലപ്പുറത്ത് നിന്ന് നാട്ടിലെത്തിയ അഖിൽ തന്റെ സുഹൃത്തുക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ മദ്യം കൈവശമുണ്ടോയെന്ന് അന്വേഷിച്ചതും, വിഷ്ണു അതിന് മറുപടി നൽകിയതും കണ്ടെത്തിയ പൊലീസ് ഇത് ചൂണ്ടിക്കാട്ടിയാണ് കള്ളം പൊളിച്ചടുക്കിയത്.

മലബാർ സ്പെഷ്യൽ പൊലീസിലെ ഇന്ത്യൻ റിസവർവ്വ് ബറ്റാലിയൻ പൊലീസുകാരനായ അഖിൽ രണ്ടാഴ്ച ഡ്യൂട്ടിക്ക് ശേഷമാണ് നാട്ടിൽ വരറുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലെത്തിയ അഖിൽ സുഹൃത്തുക്കളോട് മദ്യം ഉണ്ടോയെന്ന് ആരാഞ്ഞു. ഈ സമയത്താണ് മദ്യം നൽകാമെന്ന വാഗ്ദ്ധാനവുമായി വിഷ്ണു രംഗത്തെത്തിയത്. തുട‌ർന്ന് അഖിലും വിഷ്ണുവും സുഹൃത്തുക്കളായ ഗിരീഷ്, ശിവപ്രിയൻ എന്നിവർക്കൊപ്പം കടയ്ക്കൽ ചരുപറമ്പെന്ന സ്ഥലത്തെ ക്വാറിയിലെത്തി. ഇവിടെ ഇരുന്ന് മദ്യപാനം തുടങ്ങി. അഖിലാണ് ഏറ്റവുമധികം മദ്യപിച്ചത്. ഗിരീഷ് നാല് പെഗും ശിവപ്രദീപ് അര ഗ്ലാസും അകത്താക്കി. ശീതളപാനിയത്തിൽ കലർത്തി കഴിച്ചപ്പോൾ രുചി വ്യത്യാസവും, അസ്വസ്ഥതയുമുണ്ടായതിനാൽ രുചി നോക്കിയതല്ലാതെ താൻ കൂടുതലായി കഴിച്ചില്ലെന്നും വിഷ്ണു മൊഴി നൽകി.ഇവരിൽ ഗിരീഷും ശിവപ്രിയനും തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവർ കഴിച്ചതെന്ന് സംശയം ഉണ്ട്. സ്പിരിറ്റ് കിട്ടിയ സ്ഥലത്തെ കുറിച്ച് അന്വേഷണം തുടങ്ങി. മുൻപും ഇവർ സ്പിരിറ്റ് കുടിച്ചിരുന്നു.

അഖിൽ കടയ്ക്കൽ ചെളിക്കുഴി സ്വദേശിയാണ്. മദ്യപിച്ച് അവശനിലയിലായ അഖിലിന് ഛർദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ടെങ്കിലും തുടക്കത്തിൽ ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. മറ്റുള്ളവരെല്ലാം ഛർദ്ദി തുടങ്ങിയപ്പോൾതന്നെ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അവശനിലയിലായശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു.