flowers

പൂവ് പോലെ മൃദുലമായ ചർമ്മകാന്തി ആഗ്രഹിക്കാത്തവരായി ആരും കാണില്ല. നാച്ചുറലായി ലഭിക്കുന്ന പൂക്കൾ കൊണ്ടു തന്നെ ഇത്തരം ചർമ്മകാന്തി സ്വന്തമാക്കാൻ കഴിയും. സലൂണുകളിൽ പോകാതെയും വിലകൂടിയ ട്രീറ്റ്മെന്രുകൾ ചെയ്യാതെയും പൂക്കൾ ഉപയോഗിച്ച് തന്നെ സൗന്ദര്യം നിലനിർത്താൻ കഴിയും. പുഷ്പങ്ങൾ ഉപയോഗിച്ചുള്ള ചില ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ?

ജമന്തി ഫേസ്പാക്ക്

ജമന്തി ഇലകൾ ഉണക്കി ഒരു പൊടിച്ച ശേഷം, ഉണങ്ങിയ നെല്ലിക്കാ പൊടി, നാരങ്ങ നീര്, തൈര് എന്നിവ ചേർത്തൊരു പേസ്റ്റ് ഉണ്ടാക്കുക.ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. മുഖത്തെയും കഴുത്തിലെയും നിറവ്യത്യാസം പരിഹരിക്കാൻ ഈ പാക്ക് ഗുണം ചെയ്യും.

റോസ് ഫേസ്പാക്ക്

റോസാപ്പൂ ഇതളുകൾ തിളപ്പിച്ച ശേഷം, അരിച്ചെടുത്ത് പൊടിക്കുക. ഇതിലേയ്ക്ക് ചന്ദനപ്പൊടിയും പാലും ചേർത്ത് പേസ്റ്റാക്കുക. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂട് വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ ചർമ്മകാന്തി വർദ്ധിക്കും.

ലാവെൻഡ‌‌ർ ഫേസ്പാക്ക്

ലാവെൻഡർ ഇലകൾ തിളപ്പിച്ച് അരിച്ചെടുത്ത് അരയ്ക്കുക. ഇതിലേക്ക് പൊടിച്ച ഓട്സ് ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്തും, കഴുത്തിലും പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. നിർജ്ജീവ ചർമ്മ കോശങ്ങളെ നശിപ്പിച്ച് ചർമ്മത്തിന് തിളക്കം കൂട്ടും.

മുല്ലപ്പൂ ഫേസ്പാക്ക്

ഒരു കപ്പ് മുല്ലപ്പൂ നന്നായി ചതച്ചെടുക്കുക. അതിലേക്ക്, ഒരു ടീസ്പൂൺ തൈരും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് ചർമ്മകാന്തി വർദ്ധിപ്പിക്കാൻ വളരെയേറെ ഗുണം ചെയ്യും.

ചെമ്പരത്തി ഫേസ്പാക്ക്

റോസാപ്പൂ ദളങ്ങളും ചെമ്പരത്തിപ്പൂ ദളങ്ങളും മുൾട്ടാണി മിട്ടിയും തൈരും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ച്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ മുഖ സൗന്ദര്യം വർദ്ധിക്കും.