ട്രയംഫിന്റെ ഏറ്റവും പുതിയ അഡ്വഞ്ചർ മോട്ടോർ സൈക്കിളായ ടൈഗർ 900 ജൂൺ 19ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി. മേയ് മാസമാണ് ഈ ബൈക്ക് കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊവിഡ് 19ന്റെ വ്യാപനം കാരണം തീയതി നീട്ടിവയ്ക്കുകയായിരുന്നു.
എന്നാൽ ഡിജിറ്റലായി ലോഞ്ച് ചെയ്യുന്ന തീയതിയെ പറ്റി കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. കൂടാതെ, ബൈക്കിന്റെ ടീസർ ചിത്രങ്ങൾ അടുത്തിടെ പുറത്തുവിട്ടിരുന്നു.തിരഞ്ഞെടുത്ത ഏതാനും ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 50,000 രൂപ മുതലായിരിക്കും ഇതിന്റെ ബുക്കിംഗ് എന്നും റിപ്പോർട്ടുകളുണ്ട്.
മിഡിൽ വെയ്റ്റ് അഡ്വഞ്ചർ ബൈക്കായ ടൈഗർ 900-ന്റെ പരിഷ്‌ക്കരിച്ച മോഡൽ കഴിഞ്ഞ വർഷമാണ് കമ്പനി വിപണിയിൽ എത്തിച്ചത്. ബോണവില്ലെ സീരിസിലെ പുത്തൻ മോഡലുകളെ ട്രയംഫ് ഇന്ത്യയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്.
ടൈഗർ 800ന്റെ പിൻഗാമിയായിട്ടാണ് ടൈഗർ 900 വിപണിയിൽ എത്തുന്നത്. പെർഫോർമൻസ് അടിസ്ഥാനത്തിൽ ഈ സ്പോർട്സ് ബൈക്കിന്റെ മൂന്ന് മോഡലുകൾ ഇത് വരെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുണ്ടെങ്കിലും, ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഏത് മോഡലാണ് എന്നതിനെ കുറിച്ച് ഇത് വരെയും ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.
സാഹസിക യാത്രകൾക്കും, ഓഫ്-റോഡ് ഡ്രൈവിനുമുതകുന്ന ടൈഗർ 900 റാലി, ടൂറിംഗ് ശ്രേണിയിലുള്ള ടൈഗർ 900 ജിടി എന്നീ രണ്ട് പെർഫോമൻസ് പതിപ്പുകൾ കൂടി ട്രയംഫ് വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. റെയിൻ, റോഡ്, സ്പോർട്ട്, ഓഫ് റോഡ്, കസ്റ്റമൈസബിൾ റൈഡർ, ഓഫ് റോഡ് പ്രോ എന്നീ ആറ് വകഭേദങ്ങളാണ് റാലിയിലുള്ളത്. ജിടിയിൽ റെയിൻ, റോഡ്, സ്പോർട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നൽകിയിട്ടുണ്ട്.
ടൈഗർ 800നെക്കാൾ ഭാരം കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മെലിഞ്ഞ് കൂടുതൽ ഷാർപ്പായ ബോഡി പാർട്‌സാണ് ടൈഗർ 900ന്റെ പ്രധാന ആകർഷണം. പുതിയ 888 സിസി ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനാണ് ടൈഗർ 900ന്റെ കരുത്ത്. 8,750 ആർപിഎമ്മിൽ 93.9 ബിഎച്ച്പി കരുത്തും 7,250 ആർപിഎമ്മിൽ 87 എൻഎം ടോർഖും സൃഷ്ടിക്കും. പഴയ 800 സിസി എഞ്ചിനുകൾ 94 ബിഎച്ച്പിയും 79എൻഎം ടോർഖുമാണ് സൃഷ്ടിച്ചിരുന്നത്. ആറ് സ്പീഡാണ് ഗിയർബോക്സ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12.5 ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയിലായിരിക്കും ബൈക്കിന്റെ എക്‌സ്‌ഷോറൂം വില എന്നും ചില റിപ്പോർട്ടുകളുണ്ട്.