മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥരെയാകെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. പഴ്‌സ് നഷ്‌ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരിയായിരുന്നു ഞെട്ടലിന് പിന്നിലെ കാരണം. സ്റ്റേഷനിലെ പി.ആർ.ഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും പറഞ്ഞാണ് സ്ത്രീ സ്റ്റേഷനിലേക്കെത്തിയത്. ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിലാണ് ജോലിയെന്നാണ് ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞത്.
സംഭവം കേട്ടയുടൻ ഉടനടി ഒരു പരാതി എഴുതി നൽകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ സ്ത്രീയോട് ആവശ്യപ്പെട്ടു. കൈ കഴുകുന്നതിനായി സാനിറ്റൈസർ നൽകുകയും ഇരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. പരാതി ലഭിച്ചതിന് പിന്നാലെ കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം ശ്രദ്ധയിൽപെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിർബന്ധമായും രസീത് കൈപ്പറ്റണം എന്ന് പി.ആർ.ഒ ആവശ്യപ്പെട്ടു.
തമിഴ് ചുവയുള്ള ഭാഷയിൽ സംസാരിച്ച പരാതിക്കാരിയോട് മലയാളത്തിലും ഇംഗ്ലിഷിലുമായി പൊലീസ് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. പരാതി രജിസ്റ്റർ ചെയ്യാൻ തുടങ്ങുന്നതിടെയാണ് താൻ പുതിയതായി ചുമതലയേറ്റ എ.എസ്.പിയാണെന്ന വിവരം പരാതിക്കാരിയായി വേഷം മാറിയെത്തിയ സ്ത്രീ അറിയിക്കുന്നത്.
ഇതു കേട്ട പൊലീസുകാരെല്ലാം പൊടുന്നനെ ഞെട്ടി. എ.എസ്.പിയായി എം.ഹേമലത ചുമതലയേറ്റ ഉടനെയാണ് വേഷം മാറി പെരിന്തൽമണ്ണ സ്റ്റേഷനിലെത്തിയത്. എന്തായാലും വേഷം മാറിയെത്തിയ ഹേമലത പൊലീസ് നടപടിയിൽ തൃപ്തി രേഖപ്പെടുത്തിയതോടെയാണ് പൊലീസുകാർക്ക് ശ്വാസം വീണത്.
സംഭവത്തിന് ശേഷം പി.ആർ.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ ഹേമലത പ്രത്യേകം അഭിനന്ദിച്ചു. ഷാജി തന്നോട് വളരെ സൗഹാർദപരമായാണ് പെരുമാറിയതെന്നും തമിഴ്നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ചെന്നും അവർ പറഞ്ഞു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അഭിനന്ദിച്ച ശേഷമാണ് എ.എസ്.പി മടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എ.എസ്.പിയായി ചുമതലയേറ്റ ശേഷം ഹേമലത പറഞ്ഞു.
സംഭവം പുറം ലോകമറിഞ്ഞതോടെ മറ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെല്ലാം ഭീതിയിലും കരുതലിലുമാണ്. എപ്പോൾ ഏത് വേഷത്തിൽ എ.എസ്.പി വരുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.