pic

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്ത് ഉപഭോക്താക്കളിൽ നിന്ന് അധിക ബിൽ ഈടാക്കുന്നുവെന്ന ഹർജിയിൽ കെ.എസ്.ഇ.ബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിംഗിലെ അശാസ്ത്രീയത ചോദ്യംചെയ്തു നൽകിയ ഹർജിയിലാണ് കോടതി നടപടി. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം.സി വിനയനാണ് കോടതിയെ സമീപിച്ചത്. ലോക്ക്ഡൗൺ കാലത്തെ ഉയർന്ന വൈദ്യുതി ബിൽ വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. വൈദ്യുതി ഉപയോഗം കൂടിയപ്പോൾ താരിഫ് മാറിയതോടെയാണ് പലർക്കും ബിൽ തുകയിൽ വലിയ വർദ്ധനയുണ്ടായത്. ലോക്ഡൗണിൽ മീറ്റർ റീഡിംഗ് എടുക്കാൻ വൈകിയതും ബിൽ തുക വർദ്ധിക്കാൻ കാരണമായി.

സാധാരണയായി അറുപത് ദിവസം കൂടുമ്പോഴാണ് ബില്ല് തയ്യാറാക്കേണ്ടതെങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്ല് തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബില്ല് വന്നതോടെ പലർക്കും സബ്സിഡി നഷ്ടമാവുകയും ചെയ്തു. ഇതിൽ കോടതി ഇടപെടണമെന്നതാണ് ഹർജിക്കാരന്റെ ആവശ്യം.

കെ.എസ്.ഇ.ബിയുടെ വിശദീകരണം ലഭിച്ച ശേഷം ഹർജി കോടതി മറ്റന്നാൾ പരിഗണിക്കും. നാല് മാസത്തെ ബില്ല് ഒരുമിച്ച് തയ്യാറാക്കിയതിൽ പിഴവുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഉപഭോക്താക്കൾക്ക് വൻതുക നഷ്ടമുണ്ടാക്കുന്നതാണ് കെ.എസ്.ഇ.ബിയുടെ നടപടിയെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ഏപ്രിൽ മെയ് മാസങ്ങളിൽ ഇക്കുറി ലോക്ക്ഡൗൺ കൂടി വന്നതോടെ ഉപഭോഗം വൻതോതിൽ ഉയർന്നെന്നും അതാണ് ബില്ലിൽ പ്രതിഫലിച്ചതെന്നുമാണ് കെ.എസ്.ഇ.ബി ഉന്നയിക്കുന്ന വാദം.