സോൾ: ദക്ഷിണ കൊറിയയ്‌ക്കെതിരായ നടപടിക്ക് സൈന്യം തയ്യാറാറെടുത്തു കഴിഞ്ഞതായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. ശത്രുവിനെതിരായ നടപടിക്ക് സൈന്യത്തിന് നിർദേശം നൽകിക്കഴിഞ്ഞതായി അവർ ഔദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു.
'ചവറുകൾ ചവറ്റുകുട്ടയിൽതന്നെ എറിയപ്പെടണം. പരമാധികാരിയായ കിം ജോംഗ് ഉൻ ചുമതലപ്പെടുത്തിയ പ്രകാരം സായുധ വിഭാഗം മേധാവിയോട് ശത്രുരാജ്യത്തിനെതിരായി സൈനിക നീക്കത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ നിർദേശം നൽകി.' കിം യോ വ്യക്തമാക്കി. ദക്ഷിണകൊറിയയുമായുള്ള എല്ലാ ആശയവിനിമയസംവിധാനങ്ങളും റദ്ദാക്കിയതിന് പിന്നാലെ വേണ്ടിവന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അവർ ഭീഷണി മുഴക്കിയിരുന്നു. അതിർത്തിയിൽ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോംഗിന്റെ പ്രതികരണം.
കിം ജോംഗ് ഉൻ കഴിഞ്ഞാൽ പാർട്ടിയിലും സർക്കാരിലും രണ്ടാം സ്ഥാനക്കാരിയാണ് കിം യോ ജോംഗ് എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിന്റെ ഭരണപരമായ നിയന്ത്രണം കിം യോ ജോംഗ് കൈയേൽക്കുന്നതിന്റെ സൂചനകളാണ് പുതിയ നീക്കങ്ങളെന്നാണ് വിലയിരുത്തൽ.