jio

മുംബയ് :റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ പുതിയൊരു നിക്ഷേപം കൂടി. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രീകൃത സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ എല്‍ കാറ്റര്‍ട്ടണ്‍ ആണ് പുതുതായി നിക്ഷേപം നടത്തുന്നത്. 1,895 കോടി രൂപയുടെ നിക്ഷേപം നടത്തി ജിയോ പ്ലാറ്റ്ഫോമുകളിലെ 0.39 ശതമാനം ഓഹരിയാണ് എല്‍ കാറ്റര്‍ട്ടണ്‍ സ്വന്തമാക്കുക.ഇതോടെ ജിയോ പ്ലാറ്റ്‌ഫോമിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായതായി മുകേഷ് അംബാനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിജി ക്യാപിറ്റല്‍ ജിയോയില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.4,546.80 കോടി രൂപ നിക്ഷേപിച്ച് ജിയോയുടെ 0.93 ശതമാനം ഓഹരിയാണ് ടിപിജി സ്വന്തമാക്കുക. 2020 ഏപ്രില്‍ 22 മുതല്‍ ആഗോള നിക്ഷേപകരായ ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബഡാല, എഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍ എന്നീ കമ്പനികളാണ് ജിയോയില്‍ ഇതുവരെ നിക്ഷേപം നടത്തിയത്. ഇതോടെ എട്ട് ആഴ്ചയ്ക്കുള്ളില്‍ 10 നിക്ഷേപകരില്‍ നിന്ന് കമ്പനിയുടെ 22.38 ശതമാനം ഓഹരി വിറ്റുകൊണ്ട് 1,04,326.95 കോടി രൂപയാണ് സമാഹരിച്ചത്.

ജിയോയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയത് ഫേസ്ബുക്കാണ്. ഏപ്രില്‍ 22 ന് ജിയോയുടെ 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് 43,573.62 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നല്‍കിക്കൊണ്ട് ഇന്ത്യയ്ക്ക് ഡിജിറ്റല്‍ പവര്‍ വാഗ്ദാനം ചെയ്യാനുള്ള തങ്ങളുടെ യാത്രയില്‍ പങ്കാളിയായി എല്‍ കാറ്റര്‍ട്ടനെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.