സ്വയം പര്യാപ്തതയും, സുസ്ഥിരവികസനവും മാറ്റൊലികൊള്ളുന്ന ഒരു സ്വാശ്രയഭാരതമാണ് നമ്മുടെ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇത് മനസ്സിലുറപ്പിച്ചുകൊണ്ട്, കേവലം ഭക്ഷ്യസുരക്ഷയ്ക്കപ്പുറം, പോഷക സുരക്ഷിതമായ ഒരു ഭാരതത്തിനു തറക്കല്ലിടാൻ ഈ ലോക്ക്ഡൗൺ കാലം നമുക്ക് പ്രയോജനപ്പെടുത്താം.
കൊവിഡ് 19 നെതിരായ അവബോധം വളർത്തുന്നതിൽ, വനിതാ ശിശുവികസന മന്ത്രാലയവും വികസന സ്ഥാപനങ്ങളും നടത്തിയ വലിയതോതിലുള്ള മാധ്യമ പ്രചാരണങ്ങൾ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നു അവകാശപ്പെടാവുന്നതാണ്.
ലോക്ക്ഡൗൺ മൂലം അംഗനവാടികളും പ്രാഥമിക വിദ്യാലയങ്ങളും അടച്ചതിനാൽ, രാജ്യത്തെ അമ്മമാർക്കും കുട്ടികൾക്കുമുള്ള റേഷൻ ആനുകൂല്യങ്ങളും ഉച്ചഭക്ഷണവും നിയന്ത്രിക്കപ്പെടുമെന്ന് ഒരു ആശങ്ക പരന്നിരുന്നു. ഈ അവസ്ഥയെ മറികടക്കാനായി, വീടുകളിലേക്ക് കൊണ്ടുപോകാവുന്ന റേഷൻ, വാതിൽപ്പടികളിൽ എത്തിച്ചുനൽകുന്ന ഒരു ബദൽ സംവിധാനത്തിനു വനിതാശിശുവികസന മന്ത്രാലയം രൂപം നൽകി. അരി, ഗോതമ്പ്, പരിപ്പ് എന്നിവ അടങ്ങുന്ന കിറ്റുകളാണ് ഗർഭിണികൾക്കും മുലയൂട്ടുന്ന, അമ്മമാർക്കും വിതരണം ചെയ്തത്. ചില സംസ്ഥാനങ്ങളാവട്ടെ, മുട്ടയടക്കമുള്ള ഉച്ചഭക്ഷണവും കുട്ടികൾക്ക് ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു. ഗവൺമെന്റ് കണക്കുകൾ പ്രകാരം, ഈ ലോക്ക്ഡൗൺ കാലയളവിൽ, 85 ദശലക്ഷം ഗുണഭോക്താക്കൾക്കാണ് മന്ത്രാലയം പോഷണവിതരണം ഉറപ്പാക്കിയത്.
മുലപ്പാലിനൊപ്പം മറ്റു പോഷകങ്ങൾ ഉറപ്പാക്കൽ, പ്രതിരോധകുത്തിവയ്പ് പ്രോത്സാഹിപ്പിക്കൽ, പോഷകക്കുറവ് നേരിടുന്ന കുട്ടികൾ, വിളർച്ചയുള്ള മാതാക്കൾ എന്നിവർക്ക് പോഷക ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള നടപടികളും ഇക്കാലയളവിലും മന്ത്രാലയം സ്വീകരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി, അംഗനവാടി ജീവനക്കാർ, ചൈൽഡ്ലൈൻ പ്രവർത്തകർ തുടങ്ങിയ 5,20,000 ഫീൽഡ് തല പ്രവർത്തകരുമായി മന്ത്രാലയം ഓൺലൈൻ പരിശീലനങ്ങളിലൂടെയും, വെബിനാറുകൾ വഴിയും ബന്ധം പുലർത്തിയിരുന്നു.
ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO), അടുത്തിടെ പുറത്തിറക്കിയ നയ നിർദേശങ്ങളിൽ സമീപഭാവിയിൽത്തന്നെ ഒരു സാമ്പത്തികമാന്ദ്യം ഉണ്ടാകാനിടയുണ്ടെന്നു വ്യക്തമാക്കിയിരുന്നു. ഇത് മുന്നിൽ കണ്ടുകൊണ്ട് എല്ലാരാജ്യങ്ങളും ഓരോ സാമ്പത്തിക പാക്കേജിന് രൂപം നൽകണമെന്നും FAO ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്കായി കേന്ദ്രസർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്തെ കർഷകർ, ഗ്രാമീണ മേഖലയിലെ തൊഴിലാളികൾ, പാവപ്പെട്ട പെൻഷൻ ഗുണഭോക്താക്കൾ, നിർമ്മാണത്തൊഴിലാളികൾ, കുറഞ്ഞ വരുമാനമുള്ള വിധവകൾ എന്നിവരുടെ അക്കൗണ്ടുകളിൽ ഇതിന്റെ ഭാഗമായി നേരിട്ട് പണമെത്തിച്ചു. ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം പയറുവർഗങ്ങളും ഉറപ്പാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിരപോരാളികൾക്ക് 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ചു, കൂടാതെ കർഷക ഉത്പാദക സംഘടനകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് ഈടില്ലാതെയുള്ള വായ്പകളും ലഭ്യമാക്കി.
ചുരുക്കത്തിൽ, പൊതുജനാരോഗ്യം നേരിടുന്ന ഒരു അടിയന്തരഘട്ടത്തെ, സ്വകാര്യ മേഖല, വികസന പങ്കാളികൾ എന്നിവയുടെ സഹകരണത്തോടെ ഒരു ഭരണകൂടത്തിന് എങ്ങനെ പ്രതിരോധിക്കാനാവും എന്നതിനുള്ള ഉത്തമ ഉദാഹരണമായി നമ്മുടെ രാജ്യത്തിന്റെ കൊവിഡ് 19 പ്രതികരണപ്രവർത്തനങ്ങൾ മാറിയിട്ടുണ്ട്.
(ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് - ഇന്ത്യ റിസർച്ച് സെന്റർ അസി.ഡയറക്ടറാണ് ലേഖിക)