വാഷിംഗ്ടൺ: ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയിൽ ആരംഭിച്ച വംശീയ,വർണവിവേചനത്തിനെതിരായ കലാപം കൂടുതൽ തീവ്രമാകുന്നു. അറ്റ്ലാന്റയിൽ കറുത്ത വർഗക്കാരനായ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നതും കാലിഫോർണിയ സിറ്റി ഹാളിനു സമീപം റോബർട് ഫുള്ളർ എന്ന 24കാരനെ മരിച്ച നിലയിൽ കണ്ടെത്തിയതും വംശീയതയ്ക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചു. കഴിഞ്ഞദിവസം കാലിഫോർണിയയിലെ പാംഡേലിലാണ് തൂങ്ങി മരിച്ചനിലയിൽ റോബർട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. ഫുള്ളറുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പാംഡേലിൽ നൂറുകണക്കിനാളുകൾ മാർച്ച് നടത്തി. യു.എസിലും യൂറോപ്പിലും പ്രതിഷേധറാലികളിൽ
ആയിരക്കണക്കിനു പേർ പങ്കെടുത്തു. ജർമനിയിലെ ബർലിനിൽ 9 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തു.
‘വംശീയത ഒരു മഹാമാരി’ എന്ന മുദ്രാവാക്യവുമായി ജപ്പാനിലെ ടോക്കിയോയിൽ നടന്ന പ്രകടനത്തിൽ 3500 പേർ പങ്കെടുത്തു. ന്യൂസീലൻഡിലെ ഓക്‌ലൻഡ് വെല്ലിംഗ്ടണിലും പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. ബ്ലാക് ലൈവ്സ് മാറ്റർ ബാനർ പ്രദർശിപ്പിച്ചാണു ദക്ഷിണ കൊറിയയിലെ സോളിൽ യു.എസ് എംബസി സമരക്കാരെ വരവേറ്റത്. അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി വംശീയ അധിനിവേശത്തിന്റെ സ്മാരകങ്ങൾ എന്നാരോപിച്ചു പ്രതിമകൾ തകർക്കുന്നതു ലോകമെങ്ങും തുടരുകയാണ്.
ബ്രൂക്ക്സിന്റെ കൊലപാതകം: അറ്റ്ലാന്റയിൽ തീവയ്പ്
ഫ്ലോയിഡിന് പിന്നാലെ, പൊലീസ് ക്രൂരതയ്ക്കിരയായി കഴിഞ്ഞ ദിവസം യുവാവ് കൊല്ലപ്പെട്ട അമേരിക്കയിലെ അറ്റ്ലാന്റയിൽ വൻ പ്രതിഷേധം തുടരുന്നു. 27 കാരനായ റെഷാർഡ് ബ്രൂക്ക്‌സിനെയാണ് കഴിഞ്ഞദിവസം പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. അറ്റ്ലാന്റയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ബ്രൂക്ക്‌സിനെ കൊലപ്പെടുത്തിയത്. ഇതേ തുടർന്ന് പ്രതിഷേധക്കാർ വാന്റി എന്ന റസ്റ്റോറന്റിന് തീയിട്ടു. 45 മിനിറ്റുകൾക്ക് ശേഷമാണ് തീയണയ്ക്കാൻ കഴിഞ്ഞത്. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു.
അതേസമയം, സിയാറ്റിൽ നഗരത്തിലെ പ്രക്ഷോഭത്തിന് പിന്നിൽ തീവ്രവാദ ഇടതു ഗ്രൂപ്പുകളാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇക്കാര്യം മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം ഇന്നലെ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.