-gold

ജനീവ: സാധാരണ പഴ്സ്, ഫോൺ, ഹെഡ്ഫോൺ എന്നിവയൊക്കെ ചിലർ ട്രെയിനിലും മറ്റും മറന്നുവയ്ക്കുകയും ചിലപ്പോൾ അത് നമ്മുടെ കൺമുന്നിൽ പെടുകയും ചെയ്തേക്കാം. എന്നാൽ, ഒരു ബാഗ് നിറയെ സ്വർണം, അങ്ങനെ ട്രെയിനിലോ റെയിൽവേ പ്ലാറ്റ്ഫോമിലോ ഉടമസ്ഥനെ നഷ്ടപ്പെട്ട് അനാഥമായി കിടക്കുന്ന സാഹചര്യം വളരെ അപൂർവമാണ്. എന്നാൽ സ്വിറ്റ്സർലൻഡിൽ അടുത്തിടെ ഒരു ട്രെയിൻ യാത്രയ്ക്കിടെ അജ്ഞാതനായ ഏതോ ഒരാൾ മറന്നു വച്ചത് ഒരു ബാഗ് നിറയെ സ്വർണമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. സെന്റ് ഗാലനും ലൂസേണിനും ഇടയിൽ വച്ചാണ് ട്രെയിനിൽ സ്വർണം നിറച്ച ബാഗ് കണ്ടെത്തിയത്. അന്ന് മുതൽ ഈ ബാഗ് ആരുടേതാണെന്ന് അന്വേഷിക്കാൻ തുടങ്ങിയതാണ് പൊലീസ്. എന്നാൽ ഇതേവരെ പൊലീസിന് ഇതിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വർണം നഷ്ടപ്പെട്ടതായി പരാതിയുമായി ആരും എത്തിയിട്ടുമില്ല.

ഏകദേശം 1,91,000 ഡോളർ വിലമതിക്കുന്ന 3 കിലോയിലേറെ സ്വർണമാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്. മാസങ്ങളായി ബാഗിന്റെ ഉടമയെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം സംഭവം പൊതുജനങ്ങളെ അറിയിച്ചത്. ബാഗിന്റെ ഉടമസ്ഥന് അവകാശവാദമുന്നയിച്ച് എത്താൻ അഞ്ച് വർഷമാണ് പൊലീസ് നൽകിയിരിക്കുന്ന സമയ പരിധി. പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് വ്യാജ ഉടമസ്ഥർ ബാഗിന്റെ അവകാശവാദം ഉന്നയിച്ച് പൊലീസ് സ്റ്റേഷനിൽ എത്തുമെന്നതിൽ സംശയമില്ല. എന്നാൽ, യഥാർത്ഥ ഉടമസ്ഥനല്ലാത്തവരെ തിരിച്ചറിയാനുള്ള വിദ്യയൊക്കെ തങ്ങളുടെ കൈയ്യിലുണ്ടെന്ന് സ്വിസ് പൊലീസ് പറയുന്നു.