covid

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. നീണ്ട നിരവധി ഘട്ടങ്ങളിലൂടെയുള്ള ലോക്ഡൗണിന് ശേഷം രാജ്യം അൺലോക്ക് ഘട്ടത്തിലേക്ക് കടന്ന അവസരത്തിലാണ് കേസുകളുടെ എണ്ണം കൂടുന്നതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുമുണ്ട്. എന്നാൽ ഐ.സി.എം.ആർ നിയോഗിച്ച ഒരു സംഘം ഗവേഷകരുടെ പഠന റിപ്പോർട്ട് പറയുന്നത് ലോക്ക്ഡൗൺ അടക്കം സർക്കാർ തലത്തിൽ കൈക്കൊണ്ട നടപടികൾ ഏറെ ഫലപ്രദമായിരുന്നു എന്നാണ്. ഇന്ത്യയിൽ കൊവിഡ് വ്യാപനം വലിയ അളവിൽ താമസിപ്പിക്കുവാൻ ഈ ലോക്ക്ഡൗൺ കൊണ്ടു കഴിഞ്ഞു എന്നും പഠനം പറയുന്നു. സാധാരണ ഗതിയിൽ ഒരു സമൂഹത്തിൽ കൊവിഡ് അതിന്റെ ഉഗ്രരൂപം കൈവരിക്കുന്നത് 34 ദിവസത്തിനു ശേഷമാണ്. എന്നാൽ ലോക്ക്ഡൗൺ, സാമൂഹിക അകലം തുടങ്ങിയവ ഏർപ്പെടുത്തിയതു വഴി ഇന്ത്യയിൽ വ്യാപന കാലയളവ് 76 ദിവസമാക്കി മാറ്റി.

പുതിയ പഠനം പറയുന്നത് ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിന്റെ മൂർദ്ധന്യതയിലെത്തുന്നത് നവംബർ മാസം പകുതിയോടെയാവും എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ കൊവിഡിനെ നേരിടുന്നതിനുള്ള ഫലപ്രദമായ വഴികൾ കണ്ടെത്തിയേക്കും, ആരോഗ്യമേഖലയിലടക്കം മുന്നൊരുക്കങ്ങൾ നടത്തുന്നതിന് സർക്കാർ തലത്തിലും കൂടുതൽ സമയം മുന്നിലുണ്ട്. കൂടുതൽ ആശുപത്രി കിടക്കകൾ തയ്യാറാക്കുന്നതിനും, വെന്റിലേറ്റർ സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാനും ഇതിലൂടെ കഴിയും. എന്നാൽ ഈ പഠന റിപ്പോർട്ടിൽ പിശകുകൾ കടന്നു കൂടിയിട്ടുണ്ടെന്നും ആക്ഷേപം ഉണ്ട്. പഠന ഫലം തങ്ങളുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന് ഐ.സി.എം.ആറും രേഖപ്പെടുത്തിയിട്ടുണ്ട്.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 11,502 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ തുടർച്ചയായി മൂന്നാം ദിവസവും പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച ഇന്ത്യയുടെ കോവിഡ് 19 മൊത്തം കേസുകൾ 3,32,424 ആയി ഉയർന്നു. മരണസംഖ്യ 9,520 ആയി ഉയർന്നു.