ബീജിംഗ്: കൊവിഡിന്റെ രണ്ടാം വ്യാപനം സംശയിക്കുന്ന ചൈനയിൽ ഇന്നലെ 49 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 36 എണ്ണവും തലസ്ഥാനമായ ബീജിംഗിലാണ്. ചൈനയിലെ മൊത്തവിതരണ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൊവിഡിൻെറ പുതിയ ക്ലസ്റ്റർ രൂപ്പെടുന്നുവെന്നാണ് ആശങ്കയെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറഞ്ഞു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനവും രാജ്യവ്യാപകമായി പരിശോധനയും സർക്കാർ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ രോഗം പൊട്ടിപ്പുറപ്പെട്ട ഹുബൈയിൽ ഇതിനേക്കാളും കുറഞ്ഞ കൊവിഡ് കേസുകളാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യകമ്മിഷൻ അറിയിച്ചു. മൂന്ന് കേസുകൾ മാത്രമായിരുന്നു ഹുബെ പ്രവിശ്യയിൽ കൊവിഡിന്റെ തുടക്കത്തിൽ സ്ഥിരീകരിച്ചത്.
കൊവിഡ് വീണ്ടും എത്തിയതോടെ രോഗത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്ന സിൻഫാദി മാർക്കറ്റിലെ പരിശോധന ചൈന കർശനമാക്കി. സിൻഫാദി മാർക്കറ്റ് സന്ദർശിച്ച ഗവൺമെന്റ് നിയന്ത്രണത്തിലുള്ള ചൈനാ മീറ്റ് ഫുഡ് റിസേർച് സെന്ററിലെ രണ്ടു ഗുണനിലവാര പരിശോധകർക്കും മറ്റ് അഞ്ചു പേർക്കും രോഗം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കൂടുതൽ പേർക്ക് പരിശോധനകൾ നടത്തിയത്. കൊവിഡ് കേസുകൾ കൂടുതലെത്തിയതോടെ സിൻഫാദി മാർക്കറ്റിന് പുറമെ ഹൈദൻ ജില്ലയിലെ മൊത്ത വിതരണ മാർക്കറ്റും ചൈന അടച്ചു.
മീൻപലകയിലും വൈറസ്!
ഹൈദനിലെ മാർക്കറ്റിൽ ഇറക്കുമതി ചെയ്ത സാൽമൻമത്സ്യം (salmon) വെട്ടാൻ ഉപയോഗിക്കുന്ന ഒരു ബോർഡിൽ അടക്കം വൈറസ് കണ്ടെത്തി. ഇതേ തുടർന്ന് മാർക്കറ്റുകളിൽ ഉണ്ടായിരുന്ന സാൽമൻ മത്സ്യം മുഴുവൻ ശേഖരിച്ച് നശിപ്പിച്ചു. ഫ്രീസറുകളിലുള്ള മാംസം പരിശോധിച്ചുവരികയാണ്. മാർക്കറ്റിനു സമീപം പ്രവർത്തിച്ചുവന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. അടുത്തുള്ള അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകളും അടച്ചു. അവയിലേക്ക് ആളുകളുടെ പ്രവേശനം കർശന നിയന്ത്രണത്തിലാക്കുകയും ചെയ്തു.
ലോകത്ത് ആകെ രോഗികൾ 79 ലക്ഷം
മരണം 4.36 ലക്ഷം
ഭേദമായവർ 41 ലക്ഷം
അമേരിക്കയിൽ രോഗികൾ 21 ലക്ഷത്തിലധികം. മരണം - 1.17. ബ്രസീലിൽ എട്ട് ലക്ഷെ രോഗികൾ. മരണം - 43,389. റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം ഇപ്പോഴും 100നകത്ത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ കൊവിഡിനെ അതിജീവിക്കുകയാണെന്ന് റഷ്യ ആവർത്തിക്കുമ്പോഴും, കുറഞ്ഞ മരണനിരക്കിൽ യൂറോപ്യൻ രാജ്യങ്ങൾ സംശയം പ്രകടിപ്പിക്കുകയാണ്. ആകോ മരണം - 7,091. രോഗികൾ - അഞ്ച് ലക്ഷം.