racism
RACISM

വാഷിംഗ്ടൺ: ജോർജ് ഫ്ലോയിഡിന് പിന്നാലെ,​ ദിവസങ്ങൾക്കുള്ളിൽ പൊലീസ് ക്രൂരതയ്ക്കിരയായി യുവാവ് കൊല്ലപ്പെട്ട അമേരിക്കയിലെ അറ്റ്ലാന്റയിൽ വൻ പ്രതിഷേധം തുടരുന്നു. 27 കാരനായ റെഷാർഡ് ബ്രൂക്ക്‌സിനെയാണ് കഴിഞ്ഞദിവസം പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധം അമേരിക്കയെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സമാനമായ സംഭവം ആവർത്തിച്ചത്. അറ്റ്ലാന്റയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ബ്രൂക്ക്‌സിനെ കൊലപ്പെടുത്തിയത്. ഇതേ തുടർന്ന് പ്രതിഷേധക്കാർ വാന്റി എന്ന റസ്റ്റോറന്റിന് തീയിട്ടു. 45 മിനിറ്റുകൾക്ക് ശേഷമാണ് തീയണയ്ക്കാൻ കഴിഞ്ഞത്. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു.

ഹോട്ടലിന് മുന്നിൽവച്ച് രണ്ട് പൊലീസുകാർ ബ്രൂക്ക്‌സിനെ കീഴ്‌പെടുത്താൻ ശ്രമിക്കുന്നതും അദ്ദേഹം ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം,​ സിയാറ്റിൽ നഗരത്തിലെ പ്രക്ഷോഭത്തിന് പിന്നിൽ തീവ്രവാദ ഇടതു ഗ്രൂപ്പുകളാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇക്കാര്യം മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം ഇന്നലെ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.