കണ്ണൂർ: വേണ്ടത്ര മുൻകരുതൽ എടുത്തിട്ടില്ലെന്നതിന്റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. മുഴക്കുന്ന് സ്വദേശിയായ ഡ്രൈവർ കഴിഞ്ഞ 27ാം തീയതി തജിക്കിസ്ഥാനിൽ നിന്നും വന്ന യാത്രക്കാരെയും കൊണ്ട് കൊല്ലത്തേക്ക് പോയിരുന്നു. യാത്രക്കാരിലൊരാൾ വഴിയാണ് ഡ്രൈവർക്ക് രോഗം പകർന്നത്.
ഡിപ്പോയിൽ നിന്ന് ഇദ്ദേഹം ഓഫീസിലും വിശ്രമമുറിയിലും പെട്രോൾ പമ്പിലും മെക്കാനിക്ക് വിഭാഗത്തിലും പോയിരുന്നു. ഡ്രൈവർമാരുടെ ക്യാബിൻ പ്ലാസ്റ്റിക്ക് കൊണ്ട് മറയ്‌ക്കാൻ മന്ത്രി നിർദേശം നൽകി. എയർപോർട്ട് സർവീസുകളിൽ അടുത്ത ദിവസം മുതൽ ഇത് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാരുടെ ക്യാബിൻ പൊളിത്തീൻ കവറുകൊണ്ട് മറയ്ക്കണം എന്ന സർക്കാർ ഉത്തരവ് നടപ്പാക്കത്തതിലും ആവശ്യത്തിന് സാനിറ്റൈസർ നൽകാത്തതിലും ജീവനക്കാർ നേരത്തെ പ്രതിഷേധിച്ചിരുന്നു.
ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റീൻ ചെയ്തു. ബസുകളും ഡിപ്പോ പരിസരവും അണുവിമുക്തമാക്കി. റിസർവ്വിൽ ഡ്രൈവർമാരുള്ളതിനാൽ കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങില്ല.