തിരുവനന്തപുരംഃ ശ്രീകാര്യത്ത് സ്വകാര്യ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടത് വർക്കല ചാവടിമുക്ക് സ്വദേശിയായ ഷൈജുവിനെ(40)യാണെന്ന് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ കൈയ്യിൽ ആശുപത്രിയിൽ ഡ്രിപ്പ് നൽകുന്ന സൂചി ഉറപ്പിച്ചിരുന്നതായി കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം മുമ്പ് ഷൈജുവെന്ന യുവാവിനെ ചികിത്സയിലിരിക്കെ കാണാതായതായി വിവരം ലഭിച്ചത്.
വർക്കലയിൽ റിസോർട്ട് ജീവനക്കാരനായ ഇയാൾ അവിടെ ചിലരുമായുണ്ടായ അടിപിടിയിൽ പരിക്കേറ്റതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. ഇവിടെ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് കാണാതായ ഇയാൾക്കായി ബന്ധുക്കൾ പല സ്ഥലങ്ങളിലും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ ശ്രീകാര്യം ജംഗ്ഷന് സമീപം ഐ.സി.ഐ.സി.ഐ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും പിൻവശത്തെ മറ്റൊരുവീടിന്റെയും ഇടയ്ക്കുള്ള സ്ഥലത്ത് കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കം മൃതദേഹത്തിനുള്ളതായി സംശയിക്കുന്നുണ്ട്. ഇന്ന് രാവിലെ ബാങ്ക് കെട്ടിടത്തിന് മുകളിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലെ ജീവനക്കാരിയാണ് മൃതദേഹം കണ്ടവിവരം സമീപത്തുള്ളവരെ അറിയിച്ചത്. ബാങ്ക് കെട്ടിടത്തിന്റെ പിൻ വശത്ത് ഒരു ഡോക്ടറുടെ വീടാണുള്ളത്. എന്നാൽ ഇവിടെ കുറച്ച് ദിവസങ്ങളായി താമസക്കാരുണ്ടായിരുന്നില്ല.
ബാങ്ക് കെട്ടിടത്തിലെ എ.സികൾ കെട്ടിടത്തിന്റെ പിൻവശത്താണ് നിരത്തി വച്ചിരിക്കുന്നത്. ബാങ്ക് പ്രവർത്തിക്കുന്ന കൊമേഴ്സ്യൽ കെട്ടിടവും വീടും വേർതിരിച്ച് 20 അടിയോളം ഉയരത്തിൽ മതിലും അതിന് മീതെ മറവിനായി വേലികെട്ടാനുപയോഗിക്കും വിധമുള്ള പ്ലാസ്റ്റിക്ക് ഷീറ്റും പൊക്കത്തിൽ കെട്ടിയിട്ടുണ്ട്. മതിലിനും പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയതിനും ഇടയിലുള്ള വിടവിലാണ് കമ്പിയിൽ തൂങ്ങിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ തലയുടെ കുറച്ച് ഭാഗവും കൈയ്യും മാത്രമേ മതിലിന്റെയും വേലിയുടെയും വിടവിലൂടെ പൂറത്തേക്ക് ദൃശ്യമായിരുന്നുള്ളൂ. ഇത് കണ്ട ബ്യൂട്ടിപാർലർ ജീവനക്കാരിയാണ് സമീപത്തെ മറ്റ് സ്ഥാപനങ്ങളിലുള്ളവരെ വിവരം അറിയിച്ചത്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്ഥാപനങ്ങളെല്ലാം അവധിയായിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ ഗോവണിപ്പടിയിലും പിന്നിലെ എ.സി കളുടെ ഔട്ടർ യൂണിറ്റുകളിലും പല സ്ഥലത്തും രക്തത്തുള്ളികൾ വീണ് കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വർക്കലയിലെ സംഘർഷത്തിലുണ്ടായ പരിക്കുകൾ കൂടാതെ ഇയാൾക്ക് ശരീരത്തിൽ വേറെയും പരിക്കുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയശേഷവും മറ്റാരെങ്കിലുമായി വീണ്ടും പ്രശ്നങ്ങളുണ്ടായിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
മർദ്ദനത്തെ തുടർന്ന് ഷൈജു സ്വയം ജീവനൊടുക്കിയതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സ്ഥാപനങ്ങളിലെയും സമീപത്തെയും സിസി ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്തതാണെങ്കിൽ ശ്രീകാര്യത്തെ ഈ കെട്ടിടത്തിൽ യുവാവ് എത്താനിടയായ സാഹചര്യവും അന്വേഷണ വിധേയമാകും. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വർക്കലയിൽ ഇയാളുമായി സംഘർഷമുണ്ടായവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. വർക്കല പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം.