ന്യൂയോർക്ക്: ഏറെ പ്രതീക്ഷകളോടെ വരവേറ്റ വർഷമാണ് 2020. എന്നാൽ തുടക്കം മുതൽ ലോകത്തിന്റെ പലഭാഗത്തും എട്ടിന്റെ പണിയാണ് 2020 നൽകിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ കവർന്നു കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരി, അമേരിക്കയിലെ കലാപങ്ങൾ, വെട്ടുകിളി ആക്രമണങ്ങൾ, കൊടുങ്കാറ്റ്, അഗ്നി പർവത സ്ഫോടനം ഇങ്ങനെ നീളുന്നു ദുരന്തങ്ങളുടെ കണക്ക്. ഇതിനിടെയിൽ ഈ ദുരന്തങ്ങളെല്ലാം കൂട്ടിച്ചേർത്ത് പുതിയ സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലർ. മറ്റൊന്നുമല്ല, മേൽപ്പറഞ്ഞവയൊക്കെ ലോകാവസാനത്തിന്റെ സിഗ്നലുകളാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. ലോകാവസാനത്തിന്റെ തീയതിയും ഇവർ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വരുന്ന ഞായറാഴ്ച; ജൂൺ 21. പുരാതനമായ മായൻ കലണ്ടറിനെ കൂട്ടുപിടിച്ചാണ് പുതിയ ലോകാവസാന തീയതി കണക്കാക്കപ്പെട്ടിരിക്കുന്നതത്രെ.
എല്ലാവർക്കും ഓർമ കാണുമല്ലോ, 2012 ഡിസംബർ 21ന് ലോകം അവസാനിക്കുമെന്ന് വ്യാപകമായി പ്രചാരണം ഉണ്ടായത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മായൻമാരുടെ കലണ്ടർ അവസാനിക്കുന്ന തീയതി അന്നായിരുന്നു. മായൻമാരുടെ കലണ്ടർ തീർന്നത് കൊണ്ട് ലോകം അവസാനിക്കുമോ ? 2012ൽ തന്നെ സുമേറിയൻമാരുടെ വിശ്വസമനുസരിച്ച് നിബിറു എന്നൊരു സാങ്കല്പിക ഗ്രഹം ഭൂമിയിൽ വന്നിടിക്കുമെന്നും ലോകം അവസാനിക്കുമെന്നും ചിലർ വിശ്വസിച്ചിരുന്നു. ഇല്ലെന്ന് അന്ന് തെളിയുകയും ചെയ്തു. പക്ഷേ, മായൻ കലണ്ടറിനെ അങ്ങനെയൊന്നും വിടാൻ ഉദ്ദേശമില്ല. ഇത്തവണയും ലോകാവസാന തീയതി മായൻ കലണ്ടറിനെ ആസ്പദമാക്കിയാണുള്ളത്.
ട്വിറ്ററിലൂടെയാണ് പുതിയ ചർച്ചകൾ ഉടലെടുത്തിരിക്കുന്നത്. മായൻ കലണ്ടറിലെ ലോകാവസാനം ശരിയാണെന്നും എന്നാൽ നമ്മൾ കലണ്ടറിനെ വായിച്ച രീതി തെറ്റാണെന്നുമാണ് പറയുന്നത്. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറുകൾക്ക് മുന്നേ നിലനിന്നവയാണ് മായൻ, ജൂലിയൻ തുടങ്ങിയ കലണ്ടറുകൾ. ഗ്രിഗോറിയൻ കലണ്ടറിൽ നിന്നും 13 ദിവസം പിന്നിലാണ് ജൂലിയൻ കലണ്ടറിലെ തീയതി. അതായത് ഇന്ന് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 15 എങ്കിൽ, ജൂലിയനിൽ അത് ജൂൺ 2 ആയിരിക്കും.
എന്നാൽ ഇതൊന്നുമല്ല ശരിയെന്നാണ് ഒരു ശാസ്ത്രജ്ഞൻ പറയുന്നത്.' യഥാർത്ഥത്തിൽ ജൂലിയൻ കലണ്ടർ പ്രകാരം നമ്മൾ ഇപ്പോൾ 2012ൽ ആണത്രെ.! ജൂലിയൻ കലണ്ടറിൽ നിന്നും ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയപ്പോൾ ഒരു വർഷത്തിൽ നിന്നും നഷ്ടമായത് 11 ദിവസമാണ്. ഇപ്പോൾ 268 വർഷങ്ങളായി നാം ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്നു. അതായത്, 1752 മുതൽ. ഈ 258 വർഷങ്ങൾക്കിടെയിലും ഓരോ വർഷവും നഷ്ടപ്പെട്ട് കൊണ്ടിരുന്ന 11 ദിവസങ്ങൾ കൂട്ടിയാൽ ആകെ 2,948 ദിവസങ്ങൾ വരും. ഈ 2,948 ദിവസങ്ങളെ 365 ദിവസങ്ങളുള്ള ഓരോ വർഷമായി വിഭജിച്ചാൽ എട്ട് വർഷങ്ങൾ വരും. അതായത്, നമ്മൾ 8 വർഷം പിന്നിലാണത്രെ '. പൗലോ ടഗാലോഗ്വിൻ എന്ന ശാസ്ത്രജ്ഞനാണ് ട്വിറ്ററിലൂടെ വിചിത്ര കണക്കുകളുമായി രംഗത്തെത്തിയത്. യഥാർത്ഥത്തിൽ മായൻ കലണ്ടർ അവസാനിക്കുന്നത് ജൂൺ 21നാണെന്നും അവരുടെ വിശ്വാസ പ്രകാരം അന്നാണ് ലോകാവസാനമെന്നുമാണ് ഈ കണക്കുകളൊക്കെ ഹരിച്ചും ഗുണിച്ചുമൊക്കെ പൗലോ ടഗാലോഗ്വിൻ പ്രവചിച്ചിരിക്കുന്നത്. ശരിക്കും 2012 ഡിസംബർ 21 എന്നത് 2020 ജൂൺ 21 ആണെന്നാണ് ടഗാലോഗ്വിൻ പറയുന്നത്.
കഴിഞ്ഞാഴ്ചയാണ് ഇയാൾ ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഇതും ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളും ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്.