covidnu

ന്യൂഡൽഹി: രാജ്യത്ത് രോഗം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും നിരക്ക് ഓരോ ദിവസവും റെക്കോർഡ് ഭേദിക്കുന്നു എന്ന വാർത്തകൾ വരുമ്പോൾ പോലും ശുഭകരമായ വാർത്തയും അതിനൊപ്പം വരുന്നുണ്ട്. രാജ്യത്ത് ആദ്യമായി രോഗം ഭേദമായവരുടെ നിരക്ക് 50 ശതമാനം കടന്നു. 1,62,378 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8049 പേർക്ക് രോഗം ഭേദമായി. ആകെ 50.59 ശതമാനം പേർക്ക് രോഗം ഭേദമായി. 1,49,348 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

24 മണിക്കൂറിനകം 11929 പേർക്ക് രോഗം സ്ഥിരീകരിച്ചു. 311 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത് 3,33,380 പേർക്ക് 9524 പേർക്ക് ജീവൻ നഷ്ടമായി.മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോഴും ഉയർന്ന അളവിൽ തന്നെയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. കണ്ടെയിൻമെന്റ് സോണുകളിൽ വീടുകൾ തോറുമുള്ള സർവേയും ടെസ്‌റ്റിംഗും ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐസിഎംആറിന്റെ കൊവിഡ് പരിശോധന ശേഷി വർദ്ധിച്ചിട്ടുണ്ട്. രോഗ പരിശോധനക്ക് 646ഓളം സർക്കാർ ലാബുകളും 247 ഓളം സ്വകാര്യ ലാബുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,432 പേരെ പരിശോധിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആന്റി വൈറൽ മരുന്നായ റെംഡെസിവിർ അത്യാവശ്യ ഘട്ടത്തിൽ കൊവിഡ് രോഗികളിൽ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആറോളം കമ്പനികൾ ഈ മരുന്ന് ഇന്ത്യയിൽ നിർമ്മിക്കും.