v

തിരുവനന്തപുരം: കടയ്ക്കലിൽ പൊലീസുകാരന്റെ മരണത്തിനിടയാക്കിയ സ്പിരിറ്റ് എത്തിച്ച് നൽകിയത് വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ തന്റെ വനിതാ സുഹൃത്താണെന്ന് കേസിൽ പൊലീസ് പിടിയിലായ വിഷ്ണു സമ്മതിച്ചു. സാനിറ്റൈസർ നിർമാണത്തിനെന്ന പേരിൽ വനിതാ സുഹൃത്തിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ സ്പിരിറ്റാണ് മദ്യം അന്വേഷിച്ച പൊലീസുകാരൻ അഖിലിനും മറ്റ് സുഹൃത്തുക്കൾക്കും നൽകിയത്. ആശുപത്രിയിൽ മുറിവ് വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന സർജിക്കൽ സ്പിരിറ്റാണ് ഇത്. സംഭവത്തിൽ അറസ്റ്റിലായ വിഷ്ണുവിനെ അഖിലും സംഘവും മദ്യപിച്ച ചരുപറമ്പിലെ ക്വാറിയിലെത്തിച്ച് തെളിവെടുത്തു. വിഷ്ണു സ്പിരിറ്റ് കൊണ്ടുവന്ന ബോട്ടിലും കുടിക്കാനുപയോഗിച്ച ഗ്ളാസുകളും മറ്റ് അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ അഖിൽ കൂട്ടുകാരുടെ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ മദ്യം ലഭിക്കുമോ എന്ന് ചോദിച്ചിരുന്നു. മദ്യം എത്തിക്കാമെന്ന് വിഷ്ണു ഉറപ്പുനൽകി. തുടർന്ന് വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന സ്പിരിറ്റ് സുഹൃത്തുക്കൾക്ക് നൽകുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയിൽനിന്ന് ലഭിച്ച സ്പിരിറ്റ് രണ്ട് ദിവസം മുമ്പ് കുടിച്ചുനോക്കിയെങ്കിലും ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ വിഷ്ണു അധികം കുടിച്ചിരുന്നില്ല. അഖിലും മറ്റൊരു സുഹൃത്ത് ഗിരീഷും അമിതമായി സ്പിരിറ്റ് കഴിച്ചു. ഇതിനുപിന്നാലെയാണ് ഇരുവരും അവശനിലയിലായത്.

ദുരൂഹസാഹചര്യത്തിൽ കുഴഞ്ഞുവീണ അഖിൽ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ ഗിരീഷിനെ ഛർദ്ദി അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ദുരന്തത്തിനിടയാക്കിയ മദ്യം അഖിൽ മലപ്പുറത്ത് നിന്നെത്തിച്ചതാണെന്ന് മൊഴി നൽകി സംഭവത്തിൽ നിന്ന് തടിയൂരാൻ വിഷ്ണു ശ്രമിച്ചിരുന്നു. വാട്ട്സ് അപ് സന്ദേശമുൾപ്പെടെയുളള തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താതിരിക്കാനും വനിതാ സുഹൃത്തിനെ കേസിൽ നിന്ന് രക്ഷിക്കാനുമാണ് കള്ളം പറഞ്ഞതെന്ന് ഇയാൾ പിന്നീട് സമ്മതിച്ചു. കൊലക്കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തശേഷം ഇയാളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.