pic

ഹൈദരാബാദ്: തെലങ്കാനയിൽ രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൻഗാവോൺ എം.എൽ.എ മുതിറെഡ്ഡി യാദഗിരി റെഡ്ഡിക്ക് പിന്നാലെ ടിആർഎസ് നേതാവും നിസാമാബാദ് റൂറൽ എം.എൽ.എയുമായ ബാജിറെഡ്ഡി ഗോവർദ്ധനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

യാദഗിരി റെഡ്ഢിയുടെ ഭാര്യക്കും ഗൺമാനും ഉൾപ്പടെ നാലുപേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 23 മാദ്ധ്യമ പ്രവർത്തകരടക്കം പുതുതായി 237 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 4957 ആയി.

സംസ്ഥാനത്ത് 60 ജേർണലിസ്റ്റുകൾക്ക് മൊത്തം കൊവിഡ് സ്ഥിരീകരിച്ചതായും ഒരാൾ മരിച്ചതായും തെലങ്കാന ആരോഗ്യവകുപ്പ് അറിയിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മേഖലയിലാണ് കൊവിഡ് വ്യാപനം വളരെ രൂക്ഷമായിട്ടുള്ളത്. ഇവിടെ മാത്രം 195 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കൊവിഡ് പരിശോധനകൾ നടത്താൻ സർക്കാർ തീരുമാനിച്ചു. അടുത്ത പത്തുദിവസം കൊണ്ട് ഹൈദരാബാദിലും സമീപപ്രദേശങ്ങളിലും 50,000 ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.