oommen-chandy

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രവാസികളെ മരണത്തിലേക്ക് തള്ളി വിടുന്നതിന് തുല്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗൾഫിൽ 226 മലയാളികളുടെ ജീവൻ ഇതിനോടകം പൊലിഞ്ഞത് മറക്കരുതെന്നും അദേഹം ഓർമ്മിപ്പിച്ചു.

ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരുന്നതിന് പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20 നാണ് പ്രാബല്യത്തിൽ വരുന്നത്. അന്നു മുതലുള്ള ചാർട്ടേഡ് വിമാനങ്ങൾ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥ ഉണ്ടായിരിക്കുകയാണ്. മൂന്നുലക്ഷത്തോളം പ്രവാസികളെ തിരികെ കൊണ്ടുവരാൻ ആറു മാസമെങ്കിലും വേണ്ടിവരും. ലോക്ക് ഡൗൺ കാലത്ത് ലഭിച്ച മൂന്നുമാസം ഫലപ്രദമായി വിനിയോഗിക്കാത്തതിനെ തുടർന്നാണ് പ്രവാസി സംഘടനകൾ മുൻകൈ എടുത്ത് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാർ പ്രവാസികളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരിക്കുകയാണ്. പ്രവാസികൾക്ക് രണ്ടരലക്ഷം കിടക്ക തയ്യാറാണെന്നും, തിരിച്ചുവരുന്നവരുടെ പരിശോധനയുടെയും, നിരീക്ഷണത്തിന്റേയും ചിലവ് സർക്കാർ വഹിക്കുമെന്നും മറ്റുമുള്ള വാഗ്ദ്ധാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.