നമ്മുടെ അടുക്കളകളിലെ സ്ഥിര സാന്നിധ്യമാണ് മല്ലിയില. സാമ്പാറിലും രസത്തിലും ഇത് നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിൽ ഉപയോഗിക്കുന്ന കീടനാശിനിയെ കുറിച്ച് ചിന്തിച്ചാൽ നമുക്ക് ഇത് കറികളിൽ ഉപയോഗിക്കാൻ പേടിയാണ്. അതിനാൽ തന്നെ ഇത് എങ്ങനെയാണ് വീട്ട് വളപ്പിൽ കൃഷി ചെയ്യുകയെന്ന് അറിയാത്തവരായി നിരവധി വീട്ടമ്മമാരാണുള്ളത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവർക്കിനി വളരെ നല്ല രീതിയിൽ തന്നെ മല്ലിയില വീട്ടിൽ കൃഷി ചെയ്യാവുന്നതെ ഉള്ളൂ.
സാധാരണ കടയിൽ നിന്ന് വാങ്ങുന്ന മല്ലിവിത്ത് മുളപ്പിച്ചെടുക്കാൻ സാധിക്കില്ല അതിനായി പ്രത്യേകം തയ്യാറാക്കിയ വിത്ത് തന്നെ വാങ്ങണം. പച്ചക്കറി വിത്തുകൾ വിൽക്കുന്ന കടകളിൽ നിന്ന് മല്ലിവിത്ത് വാങ്ങാൻ കിട്ടും. 25 ഗ്രാം വിത്ത് വാങ്ങി രണ്ടു ഗ്രോ ബാഗുകളിലായി നട്ട് പിടിപ്പിച്ചാൽ ആറു മാസത്തേക്കുള്ള ഉപയോഗത്തിനുള്ളതാകും.
മല്ലിവിത്ത് വാങ്ങിയതിന് ശേഷം വൃത്തിയുള്ള ഒരു പേപ്പറിൽ വെച്ച് പതുക്കെയുടച്ച് രണ്ടായി പിളർത്തിയെടുക്കുക. നന്നായി വെള്ളത്തിൽ കുതിർത്തതിന് ശേഷം നനഞ്ഞ തുണിയിൽ കെട്ടി വെയ്ക്കുക. വിത്ത് ചീഞ്ഞ് പോവാതിരിക്കാൻ കെട്ടിവെച്ച കിഴിയിൽ വായു സഞ്ചാരം ഉറപ്പാക്കണം. തുണി ഉണങ്ങിപ്പോവാത്ത രീതിയിൽ ഇടയ്ക്കിടെ നനച്ചുകൊടുക്കണം. 8-10 ദിവസത്തോളം ഇങ്ങനെ കെട്ടിവെച്ചിരിക്കുന്നത് നനച്ച് കൊടുക്കണം. നെടുകെ പിളർക്കാത്ത വിത്തിൽ നിന്ന് രണ്ട് മുളകൾ പൊട്ടും.
അങ്ങനെ വിത്ത് മുളപൊട്ടുന്ന സമയത്ത് പോട്ടിംഗ് മിശ്രിതം നിറച്ച് ഗ്രോബാഗിലേക്ക് വിത്ത് പാകണം. അതിന് ശേഷം വളർത്തിയെടുക്കാം. ചാണകപ്പൊടി, മണൽ, മണ്ണ് എന്നിവ തുല്യ അളവിൽ ചേർത്ത് ഗ്രോബാഗിൽ നിറയ്ക്കണം. മേൽ ഭാഗത്തെ മണ്ണ് നല്ല പൊടിയാക്കിയിടണം രണ്ട്, മൂന്ന് ഇലകൾ വന്ന് തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ വളപ്രയോഗം നടത്തണം.
ചാണകപ്പൊടിയും കടലപ്പിണ്ണാക്കും നേർപ്പിച്ച് ഗ്രോബാഗിൽ ഇടണം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഒരു ചെറിയ പിടി വീതം തൈകൾ വലുതാകുമ്പോൾ ചുവട്ടിൽ ഇട്ട് കൊടുക്കാവുന്നതാണ്. പത്ത് ദിവസത്തിന്റെ ഇടവേളകളിൽ വളലായനി പ്രയോഗം നടത്താം. ബാഗിൽ ഒരിക്കലും വെള്ളം കെട്ടി നിൽക്കരുത്. ഫിഷ് അമിനോസിഡും ഒരു തവണ വളമായി നൽകാവുന്നതാണ്.
പാകി കഴിഞ്ഞ് 30-35 ദിവസമായാൽ മല്ലിയിലകൾ മുറിച്ചെടുക്കാം. മുറിച്ചെടുക്കുമ്പോൾ അടിവശത്തെ മൂത്ത ഇലകൾ നോക്കി വേണം മുറിച്ചെടുക്കേണ്ടത്. 90 ദിവസത്തിനുള്ളിൽ പൂങ്കുലകൾ വരുന്നതിന് മുമ്പ് തന്നെ പറിച്ചെടുക്കണം. പൂങ്കുലകൾ വന്നു കഴിഞ്ഞാൽ ഇലകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.