strawberries

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് കാണാനെത്തുന്നവർക്കും കളിക്കാർക്കുമെല്ലാം പ്രിയപ്പെട്ട ഒന്നാണ് വിംബിൾഡൺ സ്ട്രോബറികൾ. 2.50 പൗണ്ടിന് ഒരു ചെറിയ ബൗളിൽ ക്രീമുമായി ലഭിക്കുന്ന സ്ട്രോബറി പഴങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് റദ്ദാക്കിയതോടെ ഈ സീസണിലേക്ക് സംഭരിച്ചുവച്ചിരുന്ന സ്ട്രോബറികളൊക്കെ എന്ത് ചെയ്യുമെന്നായിരുന്നു ആശങ്ക. എന്നാൽ സ്ട്രോബറി പ്രേമികൾക്ക് ഒരു ആശ്വാസ വാർത്ത. വിംബിൾഡൺ സ്ട്രോബറികളെല്ലാം പാഴാകില്ല. പകരം അവയെല്ലാം ജാമുകളാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്.

ജൂൺ 29 മുതൽ രണ്ടാഴ്ചക്കാലത്തേക്കാണ് വിംബിൾഡൺ ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. ഏകദേശം 38 ടൺ സ്ട്രോബറികൾ പഴങ്ങളായിരുന്നു വിറ്റുപോകേണ്ടിയിരുന്നത്. കെന്റിലെ മെറിവോർത്തിലുള്ള ഹ്യൂഗ് ലോവ് ഫാമിൽ നിന്നാണ് വിംബിൾഡൺ സംഘാടകർ സ്ട്രോബറികൾ ശേഖരിക്കുന്നത്. 750 കിലോയോളം സ്ട്രോബറികൾ ജാമാക്കി മാറ്റും. ബാക്കി സൂപ്പർ മാർക്കറ്റുകളിലേക്കും മറ്റും വില്പനയ്ക്ക് വയ്ക്കും. കുറച്ച് ഭാഗം സ്കൂൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിലേക്കും നൽകും.