kohgam

ന്യൂഡൽഹി: വ്യക്തിപരമായ റെക്കാ‌ഡുകൾ നിരവധി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടീമിന്റെ നായകൻ എന്ന നിലയിൽ വിരാട് കോലി ഇതുവരെ വിജയിച്ചിട്ടില്ലെന്ന് വിമർശനവുമായി ഗൗതം ഗംഭീർ. '27 ടെസ്റ്റ് സെഞ്ചൊറിയും 43 ഏകദിന സെഞ്ചൊറിയും ഇതുവരെ നേടിയിട്ടുള്ള വിരാട് ചിലപ്പോൾ സച്ചിൻ ടെൻഡുൾക്കറുടെ നൂറ് സെഞ്ചൊറി എന്ന റെക്കാഡ് മറികടക്കുമായിരിക്കുമെന്ന് നിരവധി പേർ വിശ്വസിക്കുന്നു എന്നാൽ പുത്തൻ തലമുറ കാലത്തെ മികച്ച ബാറ്റ്സ്‌മാനായി വിലയിരുത്തപ്പെടുമ്പോഴും കോലിയുടെ നേതൃത്വത്തിൽ ഒരു ഐസിസി ട്രോഫി പോലും ഇന്ത്യ നേടിയിട്ടില്ല. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂറിന് വേണ്ടിയും കിരീടം നേടിയിട്ടില്ല.' സ്‌റ്റാർ സ്‌പോർട്സിലെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.

'വ്യക്തിപരമായി ഇനിയും റെക്കാഡുകൾ കോലി സ്ഥാപിച്ചേക്കും. പക്ഷെ ഒരു ടീമായി കോലിക്ക് നിരവധി കാര്യങ്ങൾ നേടാനുണ്ട്. ഒരു ടീമിന്റെ നേതാവ് എന്ന നിലയിൽ കളിക്കാരെ അവരായി തന്നെ കണ്ട് ഉപയോഗിക്കണം. അവരെ താനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.' ഗംഭീർ അഭിപ്രായപ്പെട്ടു. 'എല്ലാ കളിക്കാരിലും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. ശക്തിദൗർബല്യങ്ങൾ അവരിലുണ്ട്. ഒരു ടീം എന്ന നിലയിൽ അതാണ് കാണുന്നവരെ ആകർഷിക്കുന്നത്. നായകനെന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുകയും അവരുടെ മികച്ച പ്രകടനം പുറത്ത് കൊണ്ടുവരാൻ സഹായിക്കുകയും വേണം. ഗംഭീർ ഓർമ്മിപ്പിച്ചു. അങ്ങനെ മികച്ച പ്രകടനം നടത്താൻ അവരെ സഹായിക്കുമ്പോഴാണ് ലോക കിരീടങ്ങൾ നേടാനാകുക എന്നും ഗംഭീർ അഭിപ്രായപ്പെട്ടു.