ന്യൂഡൽഹി: കടിച്ചാൽ പൊട്ടാത്ത വലിയ വാക്കുകളിലൂടെ വിമർശകരെയും ആരാധകരെയും ഞെട്ടിക്കുന്ന ശശി തരൂർ പുതിയ വാക്കുകളുമായി എത്തി. Hippopotomonstrosesquipedaliophobia (ഹിപ്പപ്പൊട്ടോമൊൺസ്ട്രോസ്ക്യുപ്പിഡാലിയോഫോബിയോ), Garrulous (ഗാരുലസ് ), Sesquipedalian (സെസ്ക്യുപെഡേലിയൻ) എന്നീ വാക്കുകളാണ് ട്വിറ്ററിലൂടെ തരൂർ പങ്കുവച്ചിരിക്കുന്നത്. തരൂരിന്റെ ഇംഗ്ളീഷ് ഉച്ചാരണത്തെയും ഭാഷാ പ്രയോഗത്തെയും അനുകരിച്ച് കൊമേഡിയനായ സലോനി ഗൗർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കുള്ള മറുപടിയായാണ് തരൂർ കടുകട്ടി വാക്കുകൾ പ്രയോഗിച്ചത്. ട്വീറ്റ് ചെയ്ത മൂന്ന് വാക്കുകളും കടുകട്ടിയെന്നതുപോലെ രൂക്ഷമായ പരിഹാസവും ഉൾക്കൊള്ളുന്നവയാണ്.
ഹിപ്പപ്പൊട്ടോമൊൺസ്ട്രോസ്ക്യുപ്പിഡാലിയോഫോബിയോ എന്നത് വലിയ ഇംഗ്ളീഷ് വാക്കുകളിലൊന്നാണ്. വലിയ വാക്കുകളോടുള്ള അമിതഭയം എന്നാണിതിന്റെ അർത്ഥം. വലിയ വാക്കുകൾ ഉപയോഗിക്കുന്നതിനെ പരിഹസിക്കുന്നതിനെതിരായ പരിഹാസമായാണ് ഇൗ വാക്ക് തരൂർ ട്വീറ്റ് ചെയ്തത്. അർത്ഥമില്ലാതെ വെറുതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനെയാണ് ഗാരുലസ് എന്ന് പറയുന്നത്. വിടുവായത്തം എന്നും അർത്ഥമുണ്ട്. സെസ്ക്യുപെഡേലിയൻ എന്നാൽ വലിയ വാക്കുകൾ ഉപയോഗിക്കാൻ ആഗ്രഹമുള്ളയാൾ എന്നാണർത്ഥം.
ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ (floccinaucinihilipilification)എന്ന വാക്കാണ് നേരത്തെ തരൂർ പ്രയോഗിച്ച് മലയാളികളുടെ നാവുളുക്കിച്ചത്.