സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് കേന്ദ്രം തത്കാലം നിറുത്തിയേക്കും
ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം ജി.എസ്.ടി സമാഹരണം താളംതെറ്റിയതോടെ, സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് തത്കാലം കേന്ദ്രസർക്കാർ നിറുത്തിവച്ചേക്കും. മൂന്നുവർഷം മുമ്പ് ജി.എസ്.ടി പ്രാബല്യത്തിൽ വന്നപ്പോൾ, 14 ശതമാനത്തിന് താഴെ നികുതി വരുമാന വളർച്ച കുറിക്കുന്ന സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം കേന്ദ്രം നൽകുമെന്ന് വ്യവസ്ഥയുണ്ടാക്കിയിരുന്നു. ഈ വ്യവസ്ഥ നിലവിലെ സാഹചര്യത്തിൽ പാലിക്കാനാവില്ലെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കഴിഞ്ഞ വെള്ളിയാഴ്‌ച ചേർന്ന ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിച്ച കണക്ക് പ്രകാരം ഏപ്രിലിൽ 32,172 കോടി രൂപയും മേയിൽ 62,151 കോടി രൂപയുമാണ് മൊത്തം ജി.എസ്.ടി സമാഹരണം. 2019 മേയിലെ അപേക്ഷിച്ച്, കഴിഞ്ഞമാസത്തെ സമാഹരണത്തിലെ ഇടിവ് 38 ശതമാനമാണ്. പ്രതിമാസം ശരാശരി ഒരുലക്ഷം കോടി രൂപ നേടുകയാണ്, ജി.എസ്.ടി നടപ്പാക്കിയപ്പോൾ കേന്ദ്രം ഉദ്ദേശിച്ചത്. എന്നാൽ ഈവർഷം ഏപ്രിൽ, മേയ് സമാഹരണം ഇതിന്റെ 45 ശതമാനത്തോളം മാത്രമാണ്.
സാമ്പത്തികമാന്ദ്യം മൂലം കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ലക്ഷ്യമിട്ട വരുമാനം ജി.എസ്.ടിയിലൂടെ നേടാൻ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ്, നടപ്പുവർഷം കൊവിഡും പ്രതിസന്ധി സൃഷ്‌ടിച്ചത്. സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സ്ഥിതി ഇപ്പോൾ കേന്ദ്രത്തിനില്ലെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. വാറ്ര്, എക്‌സൈസ്, ഭൂനികുതി തുടങ്ങിയവ ഉൾപ്പെടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനവും ഇടിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട്, കേന്ദ്രത്തിന്റെ അവസ്ഥ അവർക്ക് മനസിലാക്കാവുന്നതേയുള്ളൂ എന്നും ധനമന്ത്രാലയ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.
ജി.എസ്.ടി വരുമാനം
(2020)
ജനുവരി : ₹1.10 ലക്ഷം കോടി
ഫെബ്രുവരി : 1.05 ലക്ഷം കോടി
മാർച്ച് : ₹97,597 കോടി
ഏപ്രിലിൽ : ₹32,172 കോടി
മേയ് : ₹62,151 കോടി
23%
കഴിഞ്ഞവർഷം (2019-20) സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഇടിഞ്ഞത് 23 ശതമാനമാണ്. ഈ വരുമാനനഷ്‌ടം കേന്ദ്രസർക്കാർ നികത്തണം. ഏറ്റവും കൂടുതൽ വരുമാനനഷ്‌ടം കുറിച്ച സംസ്ഥാനങ്ങൾ ഇവയാണ് :
പുതുച്ചേരി : 57%
പഞ്ചാബ് : 46%
ജമ്മു കാശ്മീർ, ഹിമാചൽ : 41%
ഉത്തരാഖണ്ഡ് : 40%
ഛത്തീസ്ഗഢ് : 36%