gary-kirsten

ജോഹാന്നാസ്ബർഗ്: 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാക്കിയത് ഗാരി കേഴ്സ്റ്റണെന്ന ദക്ഷിണാഫ്രിക്കക്കാരൻ പരിശീലകനാണ്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം വെറുതെയിരിക്കുകയായിരുന്ന കേഴ്സ്റ്റന്റെ സ്വപ്നങ്ങളിൽ കോച്ചിംഗ് കരിയറേ ഇല്ലായിരുന്നു.അതിനാൽ ഇന്ത്യൻ കോച്ചാകാനുള്ള സുനിൽ ഗാവസ്കറിന്റെ ക്ഷണം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

നായകനായ സൗരവ് ഗാംഗുലിയുമായും മറ്റ് താരങ്ങളുമായി കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ഗ്രെഗ് ചാപ്പലെന്ന ഓസ്‌ട്രേലിയക്കാരൻ കോച്ച് താറുമാറാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നേരെയാക്കാൻ മുൻ ദക്ഷിണാഫ്രിക്കൻ താരമായിരുന്ന ഗാരി കേഴ്സ്റ്റൺ 2007-ലാണ് എത്തുന്നത്. കോച്ചിംഗ് മേഖലയിൽ മുൻപരിചയമില്ലാതിരുന്ന ഗാരി ടീം ഇന്ത്യയുടെ പരിശീലകനായത് തീർത്തും യാദൃശ്ചികമായിരുന്നു. ഒരു തയ്യാറെടുപ്പും ഇല്ലാതെ ഇന്ത്യയിലേക്ക് അഭിമുഖത്തിന് വന്നതും വെറും ഏഴേ ഏഴ് മിനിട്ട് നീണ്ട ഇന്റർവ്യൂവിന് ശേഷം നിയമനം നൽകിയതുമൊക്കെ വെളിപ്പെടുത്തുകയാണ് കേഴ്സ്റ്റൺ.ക്രിക്കറ്റ് കളക്ടീവിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാവസ്‌ക്കറുടെ മെയിൽ

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചുള്ള സുനിൽ ഗാവസ്‌ക്കറുടെ ഇ-മെയിൽ ലഭിച്ചപ്പോൾ തട്ടിപ്പാണെന്നാണ് ഗാരി ആദ്യം കരുതിയത്. അതുകൊണ്ടു തന്നെ അതിന് മറുപടി കൊടുത്തില്ല. അതോടെ അഭിമുഖത്തിന് വരുമോ എന്നു ചോദിച്ച് മറ്റൊരു ഇ-മെയിൽ കൂടി അദ്ദേഹം അയച്ചു. ഗാരി അത് തന്റെ ഭാര്യയെ കാണിച്ചപ്പോൾ അവർക്ക് ആളുമാറിക്കാണും എന്നായിരുന്നു അവരുടെ മറുപടി. യാതൊരു കോച്ചിംഗ് പരിചയവും ഇല്ലാതിരുന്ന തനിക്ക് ഇതെല്ലാം വിചിത്രമായാണ് അന്ന് തോന്നിയതെന്ന് ഗാരി പറയുന്നു.

കുംബ്ളെയുടെ ചിരി

ഏതായാലും താൻ അഭിമുഖത്തിന്‌ ചെന്നു. അവിടെവച്ച് ഇന്ത്യൻ ക്യാപ്ടനായിരുന്ന അനിൽ കുംബ്ലെയെ കണ്ടു. ഒരേ കാലയളവിൽ കളിച്ചിരുന്നവരാണ് കുംബ്ളെയും കേഴ്സ്റ്റണും. താൻ കോച്ചാവാൻ വേണ്ടി വന്നതാണെന്ന് കുംബ്ളെ അറിഞ്ഞിരുന്നില്ല. 'എന്താണ് നിങ്ങളിവിടെ ' എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് 'നിങ്ങളെയെല്ലാം പരിശീലിപ്പിക്കാനുള്ള ഒരു അഭിമുഖത്തിനായി വന്നതാണെന്ന് ' കേഴ്സ്റ്റൺ പറഞ്ഞു.ഇത് കേട്ടതും കുംബ്ളെ പൊട്ടിച്ചിരിച്ചു. പിന്നീട് അവിടെ കൂട്ടച്ചിരിയായിരുന്നു. തന്നെ അറിയാവുന്നവർക്ക് ചിരിക്കാനുള്ള കാര്യം തന്നെയായിരുന്നു അതെന്ന് ഗാരി സമ്മതിക്കുന്നു.

ശാസ്ത്രിയുടെ സഹായം

ബി.സി.സി.ഐ ഭാരവാഹികളുമായുള്ള അഭിമുഖത്തിൽ ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയാണ് തന്നെ സഹായിച്ചതെന്നും ഗാരി വെളിപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയേക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം പങ്കുവെയ്ക്കാനായിരുന്നു ബോർഡ് സെക്രട്ടറി ആദ്യം ഗാരിയോട് ആവശ്യപ്പെട്ടത്. തന്റെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും തയ്യാറാക്കി വരാൻ ആരും പറഞ്ഞില്ലെന്നും മറുപടി നൽകി. ആ സമയം കമ്മിറ്റിയിലുണ്ടായിരുന്ന രവി ശാസ്ത്രി തന്നോട് ഇന്ത്യയെ തോൽപ്പിക്കാനായി ദക്ഷിണാഫ്രിക്കൻ ടീം എന്തൊക്കെ തയ്യാറെടുപ്പുകളാണ് ചെയ്തിരുന്നതെന്ന് ചോദിച്ചു. ആ ചോദ്യം വലിയ ആശ്വാസമായി തനിക്ക് തോന്നി. രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ മറുപടിയും നൽകി. ശാസ്ത്രിയും മറ്റ് ബോർഡ് അംഗങ്ങളും ആ ഉത്തരത്തിൽ തൃപ്തരാണെന്ന് തോന്നി. അഭിമുഖത്തിനെത്തി ഏഴാം മിനിട്ടിൽ ബോർഡ് സെക്രട്ടറി ഒപ്പുവച്ച കരാർ തനിക്ക് കിട്ടിയെന്നും ഗാരി കേഴ്സ്റ്റൺ വെളിപ്പെടുത്തി.