covid-

ചെന്നൈ : കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്നതിനിടെ ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ജൂൺ 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. അതേസമയം കണ്ടെയിൻമെന്റ് സോണുകളിലെ കടകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ല. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം ചെയ്യാം. ഓട്ടോ-ടാക്‌സി സർവീസുകൾക്ക് അനുമതി ഇല്ല. എന്നാൽ അത്യാവശ്യസർവീസുകൾക്ക് വാഹനങ്ങൾ നിരത്തിലിറക്കാം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവ. തമിഴ്‌നാട്ടിൽ ഇതുവരെ 44,661 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 435 പേർ രോഗം ബാധിച്ച് മരിച്ചു. 24, 545 പേർ രോഗമുക്തി നേടി.