sishanth

മുംബയ്: പാതിയിൽ യാത്ര മതിയാക്കി മടങ്ങിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന് (34)​ കണ്ണീരോടെ വിട നൽകി ആരാധകരും സിനിമാലോകവും. സുശാന്തിന്റെ സംസ്‌കാര ചടങ്ങുകൾ പോസ്റ്റുമാർട്ടത്തിന് ശേഷം മുംബയ് പവൻ ഹാൻസ് ശ്മശാനത്തിൽ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെ പൂർത്തിയായി.പാട്‌നയിൽ നിന്ന് സുശാന്തിന്റെ അച്ഛനും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും മുംബയിൽ എത്തിയതിന് ശേഷമാണ് ചടങ്ങുകൾ നടന്നത്. ബോളിവുഡ് താരങ്ങളായ കൃതി സനോൺ, ശ്രദ്ധ കപൂർ, വിവേക് ഒബ്‌റോയ്, രൺവീർ ഷൂരി, വരുൺ ശർമ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. കൊവിഡിനെ മൂലം പൊതുദർശനമുണ്ടായിരുന്നില്ല. ഞായറാഴ്ച പുലർച്ചെയാണ് മുംബയ് ബാന്ദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തിയത്.

അതേസമയം,​ സുശാന്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ‘ഇത് കൊലപാതകമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണം. സി.ബി.ഐ അന്വേഷണം നടത്തണം.’ –സുശാന്തിന്റെ മാതൃസഹോദരൻ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. എന്നാൽ,​ സുശാന്തിന്റേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുശാന്ത് കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്നും വിഷാദരോഗത്തിനുള്ള ഗുളികകൾ അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നെന്നും മുംബയ് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ പണം പിൻവലിച്ചതായോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ല. മുൻ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളെയും അവസാനം ഫോൺ ചെയ്തവരെയും പൊലീസ് ചോദ്യം ചെയ്യും.

നവംബറിൽ വിവാഹം?​

സുശാന്ത് നവംബറിൽ വിവാഹം കഴിക്കാൻ തയാറെടുത്തിരുന്നതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേക്കുറിച്ചു പിതാവ് കെ.കെ.സിംഗിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചിരുന്നുവെന്നുമാണ് വിവരം. വിവാഹത്തിന്റെ തയാറെടുപ്പുകൾക്കായി കുടുംബം ലോക്ക്ഡൗണിനു ശേഷം മുംബയിലേക്കു വരാനിരിക്കുകയായിരുന്നുവെന്ന് ബന്ധുവും വെളിപ്പെടുത്തി. അതേസമയം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയുമായി അടുത്തിടെ സുശാന്തിന് അഭിപ്രായഭിന്നതയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. റിയ ചക്രവർത്തിയെന്ന നടിയുമായി സുശാന്ത് അടുപ്പത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.