മൂവാറ്റുപുഴ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തിയ പെൺകുട്ടിയെ പൊലീസ് പിടികൂടി മാതാപിക്കളെ ഏൽപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഒന്നാം വർഷ മൈക്രോബയോളജി വിദ്യാർത്ഥിനിയും ടിക്ക് ടോക്ക് താരവുമായ പെൺകുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ കൂടെയാണ് ബംഗളുരു സ്വദേശിയായ തന്റെ കാമുകന്റെ അടുത്തെത്താനായി വിമാനം കയറാൻ എത്തിയത്.
മൂന്ന് മാസം മുമ്പാണ് ഇയാളുമായി പെൺകുട്ടി പരിചയത്തിലാകുന്നത്. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. രണ്ട് മാസം മുൻപ് പെൺകുട്ടിക്ക് 18 വയസ് തികഞ്ഞുവെങ്കിലും ലോക്ക്ഡൗൺ സാഹചര്യമായതിനാൽ വിവാഹം കഴിക്കാനായി എത്താനാകില്ല എന്ന് കാമുകൻ പെൺകുട്ടിയെ അറിയിച്ചു. തുടർന്ന് വിവാഹം വേണമെന്ന് പെൺകുട്ടി നിർബന്ധം പിടിച്ചപ്പോൾ ബംഗളുരുവിൽ എത്തിയാൽ വിവാഹം ചെയ്യാമെന്നായി കാമുകൻ.
തുടർന്ന് പെൺകുട്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും വിമാനത്താവളത്തിലെത്താൻ ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഓട്ടോ ഡ്രൈവറുടെ സഹായം തേടുകയും ചെയ്തു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പരാതി നൽകുകയും തുടർന്ന് പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. കാലടി ഭാഗത്തുനിന്നും യാത്രാമദ്ധ്യേയാണ് പെൺകുട്ടിയെയും ഓട്ടോ ഡ്രൈവറെയും പൊലീസ് പിടികൂടുന്നത്.
എന്നാൽ പിടിയിലായ ശേഷം മാതാപിതാക്കളോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല. ഒടുവിൽ പൊലീസ് ബംഗളുരുവിലുള്ള പെൺകുട്ടിയുടെ കാമുകനെ വിളിച്ചപ്പോൾ, തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്നും പെൺകുട്ടിയെ തനിക്ക് അറിയില്ലെന്നുമാണ് അയാൾ പറഞ്ഞത്. കാര്യങ്ങളുടെ കിടപ്പുവശം മനസിലായതോടെ, പെൺകുട്ടി മാതാപിതാക്കളോടൊപ്പം പോകാൻ തയ്യാറാകുകയായിരുന്നു.