കൊച്ചി: തുടർച്ചയായ ഒമ്പതാം നാളിലും പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഇന്ധനവില കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്രറിന് 48 പൈസ ഉയർന്ന് 77.98 രൂപയായി. 56 പൈസ വർദ്ധിച്ച് 72.12 രൂപയാണ് ഡീസൽ വില. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒമ്പതു ദിവസത്തിനിടെ പെട്രോളിന് 4.99 രൂപയും ഡീസലിന് 4.93 രൂപയുമാണ് കൂട്ടിയത്. ജൂൺ ഏഴ് മുതൽ ഇന്നലെ വരെയായി രാജ്യ തലസ്ഥാനത്ത് പെട്രോളിന് 4.98 രൂപയും ഡീസലിന് 5.23 രൂപയും കൂടി.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്കാണ് നീങ്ങുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ വിപണിവില ഇന്നലെ ബാരലിന് 1.01 ഡോളർ താഴ്‌ന്ന് 37.72 ഡോളറായി. ജൂൺ ആദ്യവാരം വില 42 ഡോളറിനുമേൽ ആയിരുന്നു. എന്നിട്ടും ഇന്ത്യയിൽ പെട്രോൾ,ഡീസൽ വില കൂട്ടുന്നു.
കാരണം
1. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 18 പൈസ ഇടിഞ്ഞ് 76.02ലെത്തി. ഇതോടെ വാങ്ങൽച്ചെലവ് ഉയർന്നു
2. ഇന്ത്യ വാങ്ങുന്ന വില (ഇന്ത്യൻ ബാസ്‌കറ്ര്) ഇന്നലെ ബാരലിന് 0.30% ഉയർന്ന് 40.66 ഡോളറാണ്
3. മാർച്ച്, മേയ് മാസങ്ങളിലായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടി
4. ഈ ബാദ്ധ്യത നികത്തും വരെ ഘട്ടംഘട്ടമായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നു
5. ബി.എസ് 6ലേക്ക് ചുവടുമാറ്റാൻ ലിറ്രറിന് ഒരു രൂപ വീതം ചെലവായി. ഇത് തിരിച്ചുപിടിക്കുകയും ലക്ഷ്യമാണ്
ഇനിയും കൂടുമോ?
എക്സൈസ് നികുതി വർദ്ധന ഉൾപ്പെടെയുള്ള ബാദ്ധ്യത നികത്തുവരെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കും. ഏതാനും നാൾ കൂടി വിലവർദ്ധന പ്രതീക്ഷിക്കാം. ബാദ്ധ്യത നികത്തിയശേഷം പരിഗണിക്കുക ക്രൂഡോയിൽ വാങ്ങൽച്ചെലവാണ്. രാജ്യാന്തര വിപണിയിലെ ട്രെൻഡ് കണക്കാക്കിയാകും പിന്നീട് വില പരിഷ്‌കരണം.