
മുംബയ്: ശുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ബോളിവുഡ് സിനിമാ വ്യവസായത്തെ പ്രതിക്കൂട്ടിൽ നിർത്തി നടി കങ്കണ റനാവത്ത്. ശുശാന്തിന്റെ മരണം ഒരിക്കലും ആത്മഹത്യയല്ലെന്നും അദ്ദേഹത്തെ ബോളിവുഡ് 'കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെ'ന്നുമാണ് കങ്കണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രണ്ടോളം മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ പറയുന്നത്.
ശുശാന്ത് അഭിനയിച്ച സിനിമകളുടെ പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചില്ലെന്നും മാദ്ധ്യമങ്ങൾ അദ്ദേഹത്തെ ദുർബല മനസിന്റെ ഉടമയായി ചിത്രീകരിച്ചുവെന്നും കങ്കണ വിമർശിക്കുന്നു. ദുർബല മനസ്സുള്ളവർ വിഷാദരോഗത്തിന് അടിമപ്പെടുമെന്നും അവർ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ട് മാദ്ധ്യമങ്ങൾ സമാന്തരമായി കഥകൾ മെനയുകയാണ്. കങ്കണ പറയുന്നു.
'സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്നും സ്‌കോളർഷിപ്പ് ലഭിച്ച, എഞ്ചിനീയറിംഗ് പ്രവേശന പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയയാളാണ് ശുശാന്ത്. അദ്ദേഹം എങ്ങനെയാണ് ദുർബല മനസ്സിനുടമയാകുന്നത്? അദ്ദേഹത്തിന്റെ അവസാനത്തെ ചില പോസ്റ്റുകൾ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും.തന്റെ സിനിമകൾ കാണണമെന്ന് അദ്ദേഹം യാചിക്കുകയാണ്.' കങ്കണ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നു.
'തനിക്ക് ഡോഡ്‌ഫാദർ ഇല്ലെന്നും തന്നെ സിനിമാ വ്യവസായത്തിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറയുന്നു. അഭിമുഖങ്ങളിൽ പോലും അദ്ദേഹം ഇതേ കാര്യമാണ് പറയുന്നത്. ബോളിവുഡ് തന്നെ അവഗണിക്കുന്നുവെന്ന്. കാരണമില്ലാതെ മരണമാണോ ഇത്?' കങ്കണ ചോദിക്കുന്നു.
അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളെ അംഗീകരിക്കാൻ ആരും ഉണ്ടായില്ലെന്നും അതേസമയം 'ഗള്ളി ബോയ്' പോലെയുള്ള ഒരു മോശം ചിത്രത്തിന് നിരവധി അവാർഡുകൾ ലഭിച്ചുവെന്നും നടി ചൂണ്ടിക്കാട്ടുന്നു. 'ഞങ്ങൾ' ചെയ്യുന്ന ചിത്രങ്ങൾ ബോളിവുഡ് എന്തുകൊണ്ടാണ് അംഗീകരിക്കാത്തതെന്നും നടി വീഡിയോയോയിലൂടെ ആഞ്ഞടിച്ചു.
ശുശാന്തിനെ മാനസിക രോഗിയെയും മയക്കുമരുന്നിന് അടിമയായും ചിത്രീകരിക്കുന്ന മാദ്ധ്യമങ്ങളിലെ ഒരു വിഭാഗം സഞ്ജയ് ദത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ 'ക്യൂട്ട്' ആയാണ് കാണുന്നതെന്നും നടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ബോളിവുഡിലെ ഒരു വിഭാഗത്തെ വിശ്വസിച്ചാണ് ശുശാന്ത് ചെയ്ത തെറ്റ്. കങ്കണ പറഞ്ഞു.
മാദ്ധ്യമങ്ങളും ബോളിവുഡും സത്യം പറയാതെ ശുശാന്തിനെ മോശക്കാരനായി ചിത്രീകരിക്കുകയാണെന്നും കങ്കണ പറയുന്നു. മുൻപും താരപുത്രന്മാരെയും പുത്രിമാരുടെയും താരപദവിയിലേക്ക് ഉയർത്തുന്ന ബോളിവുഡിന്റെ സ്വജനപക്ഷപാത മനോഭാവത്തെ രൂക്ഷമായി വിമർശിച്ചിട്ടുള്ളയാളാണ് കങ്കണ റനാവത്ത്.