sathyan

മലയാളത്തിന്റെ മഹാനടനായ സത്യൻ അന്തരിച്ചിട്ട് 49 വർഷം കഴിയുകയാണ് ഇന്ന്. നിരവധി സിനിമകളിൽ ഗംഭീര വേഷങ്ങളിലെത്തിയ സത്യൻ ഇനിയും മലയാളിയുടെ മനസ്സിൽ നിന്നും ഇറങ്ങിപോയിട്ടില്ല. എന്നാൽ സിനിമയിൽ എത്തും മുൻപ് അദ്ദേഹം ജീവിതത്തിൽ അണിഞ്ഞ പൊലീസുകാരന്റെ വേഷവുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർത്തെടുക്കുകയാണ് ഖത്തറിൽ ഗ്രാഫിക് ആർട്ട് ഡിസൈനറായി ജോലി ചെയ്യുന്ന ബിബിത് കോഴിക്കളത്തിൽ. സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറും മുൻ എം.പിയുമായിരുന്ന എം.എം ലോറൻസിനെ അദ്ധേഹത്തിന്റെ ഇരുപതാം വയസിൽ എറണാകുളം ടൗൺ മുതൽ ഇടപ്പള്ളി വരെ സത്യനേശൻ എന്ന പൊലീസുകാരൻ തല്ലിച്ചതച്ച കഥയാണ് ബിജിത് പറയുന്നത്.

ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് 20 വയസ് പ്രായമുള്ള ഒരു ചെറുപ്പക്കാരനെ എറണാകുളം ടൗണിൽ നിന്നും ഇടപ്പള്ളി വരെ തല്ലിച്ചതച്ച സത്യനേശൻ എന്ന പോലീസുകാരനെക്കുറിച്ച് പറയുന്നുണ്ട് പ്രമുഖ നിരൂപകൻ കെ.പി.അപ്പൻ. ചോരയിൽക്കുളിച്ച് അക്ഷോഭ്യനായി നടന്നുപോയ ആ ചെറുപ്പക്കാരന്റെ പേര്...


ചോരയിൽ കുളിച്ച് നടന്നു പോയ ധീരൻ.

അയാളെ നാം സ്നേഹപൂർവം എം.എം.ലോറൻസ് എന്നു വിളിക്കുന്നു.

സഖാവ് എം.എം.ലോറൻസ്. "ചോര കൊണ്ട് മാത്രം വീട്ടേണ്ടുന്ന ഒരു കടമായിരുന്നു" അതെന്ന് അപ്പൻ പറയുന്നു.
ഒന്നും സംഭവിച്ചില്ല. സത്യനേശൻ എന്ന ഇൻസ്പെക്ടർ പിന്നീട് മലയാളികളുടെ സ്വന്തം നടനായ സത്യനായി അരങ്ങ് വാണു കടന്നുപോയി.

വള്ളിക്കുന്നത്ത് കമ്യൂണിസ്റ്റുപാർട്ടിയുണ്ടാക്കിയത് ചേലക്കോട്ടേത്ത് കുഞ്ഞിരാമന്റെ മകൾ ഭാർഗവി കത്തിച്ചുവെച്ച മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണെന്നുപറയുന്നുണ്ട് തോപ്പിൽ ഭാസി. തന്റെ മൂലധനമെന്ന നാടകം സമർപ്പിച്ചിരിക്കുന്നത് ഭാർഗവിയെന്ന കൊച്ചുകുട്ടിക്കാണ്.

ഒരുപേജുവരാത്ത ആ കുറിപ്പ് കണ്ണീരോടെയല്ലാതെ നമുക്ക് വായിക്കാൻ കഴിയില്ല.
കുഞ്ഞിരാമന്റെ ഭാര്യയുടെ നരകജീവിതമാണ് ‘മൂലധന'മെന്ന നാടകം.
അത് സിനിമയാക്കിയപ്പോൾ അതിൽ പ്രധാന റോളിൽ സത്യനായിരുന്നു.

സത്യൻ എന്ന മനുഷ്യൻ അങ്ങനെ മറ്റുപലരേയുംപോലെ നിരവധിവേഷങ്ങളാടിക്കടന്നുപോയി.
സത്യന്റെ ഓർമ്മദിനമാണിന്ന്. അനുഭവങ്ങൾ പാളിച്ചകളെന്ന സിനിമയിൽ ഭാർഗവിക്കുപകരം കുമാരിയെന്ന പേരുകാരിയായ മകളുടെ ശവകുടീരത്തിനരികിൽ നിൽക്കുന്ന സത്യനെന്ന അഛൻ.'