വാസ്തുശാസ്ത്രത്തിൽ അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ് വീടുകളിലെ കാലിസ്ഥലം, അധികസ്ഥലമെന്നാണ് അർത്ഥം. ഈ അധികസ്ഥലത്തിന് വലിയ പ്രാധാന്യമാണുള്ളത്. വസ്തുവിൽ അധികസ്ഥലം താനെ ഉണ്ടാകുന്നതും ഫാഷനോ സൗന്ദര്യത്തിനോ വേണ്ടി നാം ഉണ്ടാക്കിയെടുക്കുന്നതുമാവാം. പുതിയൊരു വീട് വയ്ക്കുമ്പോഴാണ് നിശ്ചിതപ്പറമ്പിൽ സ്ഥലം ഏതെങ്കിലും വശത്ത് കൂടുതലായി വരിക, അല്ലെങ്കിൽ വസ്തുവിന്റെ ഏതെങ്കിലും ഭാഗം വളർന്ന് അത് കാലിസ്ഥലമായി മാറാം. ഇത് ഭാഗ്യത്തിനും നിർഭാഗ്യത്തിനും ഇടയാക്കുന്നുണ്ട്.
വസ്തുവിന്റെ നാഭി തീർപ്പാക്കിയാൽ ആദ്യം വീട് വയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ അത് പരിഹരിക്കാം. മനുഷ്യൻ അടങ്ങുന്ന എല്ലാ ജീവജാലങ്ങൾക്കും നാഭിയുണ്ട്. അതു പോലെ വസ്തുവിനും വീടിനും അതിന്റെ നാഭി വേണം. യഥാർത്ഥത്തിൽ വീടീന് സ്ഥാനം കാണുന്നത് ആ വീടിന്റെ നാഭി കണ്ടെത്തുകയാണെന്ന് പറയാം. നാഭി കണ്ടെത്തുന്നതിൽ വീഴ്ച ഉണ്ടാകാൻ പാടില്ല.
എത്ര സെന്റ് വസ്തുവായാലും നാഭി നിർണയിക്കുന്നത് അതിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തേയ്ക്കായിരിക്കണം. തെക്ക് പടിഞ്ഞാറെന്ന് പറയാൻ കാരണം ഈ മേഖലയിലാണല്ലോ പ്രാപഞ്ചികോർജത്തിന്റെയും പ്രാണികോർജത്തിന്റെയും കേദാരം. ഇവിടെയുണ്ടാകുന്ന ദോഷകരമായ ഊർജോത്ഭവത്തെ ഭാരം കയറ്റിവെച്ച് തടയുക എന്ന ശാസ്ത്രയുക്തി ഇതിനുപിന്നിലുണ്ട്. തെക്കുപടിഞ്ഞാറേയ്ക്ക് മാറുമ്പോൾ സംഭവിക്കുന്നത് തെക്കും പടിഞ്ഞാറും കാലിസ്ഥലം കുറയുകയും വസ്തുവിന്റെ അളവനുസരിച്ച് വടക്കും കിഴക്കും കാലി സ്ഥലം അഥവാ അധിക സ്ഥലം കൂടുകയും ചെയ്യും. ഇതിന്റെ ഫലം പറയുമ്പോൾ വടക്കും കിഴക്കും കാലി സ്ഥലം കൂടിയാൽ അത് വീട്ടിലെ മുഴുവൻ പേർക്കും ശുഭകരവും ഉയർച്ചയ്ക്കും കാരണമാവുകയും ചെയ്യും. എന്നാൽ ചിലർ വസ്തുവിന്റെ നാഭി നിജപ്പെടുത്തുന്നത് വടക്കു കിഴക്കോ , ഒത്ത മദ്ധ്യത്തിലോ ആണ്. ഇങ്ങനെയാവുമ്പോൾ തെക്കും പടിഞ്ഞാറും അധികസ്ഥലമുണ്ടാവും. അത് ഒട്ടും നല്ലതല്ല. തെക്ക് അധിക കാലിസ്ഥലമുണ്ടാവുന്നത് രോഗദുരിതത്തിനിടയാക്കും. തെക്ക് കിഴക്ക് അധിക കാലിസ്ഥലം വന്നാലും അത് ക്രമപ്പെടുത്തണം. ഈ ഭാഗം മറ്റ് മൂലകളെ അപേക്ഷിച്ച് ഉയർന്നിരിക്കുന്നത് ഗുണകരമല്ല. ഈ ഭാഗം താഴ്ത്തി ക്രമപ്പെടുത്തണം. പടിഞ്ഞാറും തെക്ക് പടിഞ്ഞാറും അധികസ്ഥലമുണ്ടാവുന്നതും നല്ലതല്ല.
എന്നാൽ കിഴക്കും വടക്ക് കിഴക്കും അധികസ്ഥലവും കാലിസ്ഥലവും വരുന്നത് ഉത്തമമാണ്. ഇത് നല്ല വരുമാന വർദ്ധനവിനും കീർത്തിയ്ക്കും ഐശ്വര്യത്തിനും ഇടയാക്കും. വടക്കോട്ടും, വടക്കു കിഴക്കോട്ടും ഭൂമി തള്ളി നിന്നാലും ഗുണം തന്നെ. നാഭിനിർണയം ശരിയാവുമ്പോൾ അത് പിരിയൻ രൂപത്തിലേയ്ക്ക് ക്രമപ്പെടും. മരങ്ങളും വള്ളിപ്പടർപ്പുകളും സകല ചരാചരങ്ങളും പിരിയൻ ക്രമത്തിലാണ്. മനുഷ്യന്റെ ഡി.എൻ.എ പോലും പിരിയൻ മാതൃകയിലാണ്.ഡി.എൻ.എ ഗവേഷണത്തിലൂടെ രോഗനിർണയും മുൻകൂറായി സാദ്ധ്യമാവുമെന്നും അത് മെഡിക്കൽ സയൻസിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നുമുള്ള പഠനങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണല്ലോ.
തെക്കുയർന്ന് വടക്കും പടിഞ്ഞാറും കൂടുതൽ അടഞ്ഞ് കിഴക്കും വടക്കും തുറന്നു വരുമ്പോൾ അത് താനെ പിരിയൻ രൂപ വത്കരണത്തിലേയ്ക്ക് മാറിക്കൊള്ളും.പക്ഷേ പലപ്പോഴും സംഭവിക്കുന്ന മറ്റൊന്ന് കാലിസ്ഥലത്ത് കുളിമുറിയും അഴുക്കു ചാലും സെപ്റ്റിക് ടാങ്കും വലിയ വാട്ടർ ടാങ്കുമൊക്കെ പണിത് ആളുകൾ നല്ല ഫലത്തെ ഇല്ലാതാക്കും. മോശമായ സ്ഥലത്ത് കാലിസ്ഥലമോ അധിക വളർച്ചയോ ഉണ്ടായാൽ അത് ഉൗർജ ഒഴുക്കിന്റെ മർമ്മവും ദിശകളിലെ നിമ്നോന്നതികളും കണ്ടെത്തി പരിഹരിക്കണം.