vv

ഇസ്ലാമാബാദ്∙ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്ന് കാണാതായ രണ്ട് ജീവനക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്.. ഇന്ന് രാവിലെ മുതലാണ് ജീവനക്കാരെ കാണാതായത്. ഇരുവരും പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇരുവരെയും കാണാതായത്. ഹൈക്കമ്മിഷനിൽ സേവനമനുഷ്ഠിക്കുന്ന സി.എസ്.ഐ.എഫ് ഡ്രൈവർമാരായ രണ്ടു പേരെയാണു കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

റോഡപകടവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥരെ ദിവസങ്ങൾക്കു മുൻപ് ചാരപ്രവർത്തനം ആരോപിച്ച് ഇന്ത്യ നാടുകടത്തിയിരുന്നു. വീസ വിഭാഗത്തിൽ പ്രവർത്തിക്കുന്ന രണ്ടു പേരെയാണ് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ കാണാതായെന്ന വിവരം പുറത്തുവന്നത്.

പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉന്നത നയതന്ത്രജ്ഞരെ കനത്ത നിരീക്ഷണത്തിലാക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിൽ ഇന്ത്യ നയതന്ത്രതലത്തിൽ എതിർപ്പും വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് ആലുവാലിയയുടെ വാഹനമാണ് പാക് രഹസ്യാന്വേഷണ എജൻസിയായ ഐ.എസ്.ഐയിലെ അംഗം ബൈക്കിൽ പിന്തുടരുന്നതായി കണ്ടെത്തിയത്. ഇതിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.