kidnapping

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ബൈക്കും കവര്‍ന്ന സംഭവത്തിൽ ആറ് പേര്‍ അറസ്റ്റിൽ. മരമില്ലിന്റെ മലപ്പുറം ഊരകം സ്വദേശികളായ ഇസ്ഹാക്ക്, മുഹമ്മദ് റിയാസ്, മുഹമ്മദ് ഇഷാം, ഷംസുദ്ദീന്‍,കോട്ടുമല സ്വദേശികളായ മുജീബ് റഹ്മാന്‍,സൈനുദ്ദീന്‍ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

മരമില്ലിന്റെ ചില്ല് പൊട്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ഇവർ തട്ടിക്കൊണ്ടുപോയത്. ഈ മാസം പതിനൊന്നിനാണ് പട്ടര്‍ക്കടവ് സ്വദേശി തൈക്കണ്ടി അബ്ദുള്‍ നാസറിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.

പട്ടര്‍ക്കടവ് അങ്ങാടിയില്‍ നിന്നിരുന്ന അബ്ദുള്‍ നാസറിനെ അടുത്തേക്ക് വിളിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പ്രതികളിലൊരാളായ ഇസ്ഹാഖിന്റെ ഉടമസ്ഥതയിലുള്ള വേങ്ങര വെങ്കുളത്തെ മരമില്ലിന്റെ ചില്ല് തകര്‍ത്തത് അബ്ദുള്‍ നാസറാണെന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹത്തെ തട്ടികൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു.

കാരാത്തോടുള്ള കെട്ടിടത്തിലെത്തിച്ച പ്രതികള്‍ അബ്ദുള്‍ നാസറിനെ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് പട്ടര്‍ക്കടവില്‍ അബ്ദുള്‍ നാസര്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും സംഘം കൊണ്ടുപോയി. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.