sushanth-singh-

മുംബയ് : ബോളിവുഡ് യുവ നടൻ സുശാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടി റിയ ചക്രബർത്തിയെ ചോദ്യം ചെയ്യും. ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. റിയയെ കൂടാതെ സുശാന്തിന്റെ അടുത്ത സുഹൃത്തും ടെലിവിഷൻ താരവുമായ മഹേഷ് ഷെട്ടിയുടേയും മൊഴിയെടുക്കും.

മുംബൈയിലെ വസതിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നതും തൂങ്ങിമരണം തന്നെയാണ്. ആറു മാസമായി താരം ഡിപ്രഷനിലായിരുന്നെന്നും ഇതിന്റെ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണകാരണം വ്യക്തമല്ലാത്തതിനാലാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നത്. റിയ ചക്രബർത്തിയുമായി താരം നീണ്ടനാളായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ലോക്ക്ഡൗണിന് ശേഷം ഇവർ തമ്മിൽ വിവാഹിതരാകും എന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇരുവരും ബന്ധം സ്ഥിരീകരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം സുശാന്തും റിയയും തമ്മിൽ അടുത്തിടെ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

മരിക്കുന്നതിന് തൊട്ടു മുൻപ് സുശാന്ത് വിളിച്ചത് സുഹൃത്തും ടെലിവിഷൻ താരവുമായ സു വിളിച്ചത് മഹേഷ് ഷെട്ടിയെയായിരുന്നു. ടെലിവിഷൻ സീരിയലിൽ അഭിനയിച്ച നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. താരത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.