rain

മഴക്കാലരോഗങ്ങൾക്കെതിരെ അതീവശ്രദ്ധ അനിവാര്യമാണ്. ജലദോഷം, ഫ്ളൂ, വയറിളക്കരോഗങ്ങൾ എന്നിവയ്‌ക്ക് പുറമേ, മലേറിയ, ഡെങ്കിപ്പനി, കോളറ, ടൈഫോയ്ഡ്, ഹെപ്പടൈറ്റിസ്, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ഭീഷണിയാണ്. കൊതുക് നിർമ്മാർജനം, രോഗികളിൽ നിന്ന് അകലം, ശരീരശുചിത്വം, അശുദ്ധജലവുമായി സമ്പർക്കം ഒഴിവാക്കൽ എന്നിവയാണ് പ്രതിരോധം.

തണുത്തതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയാറാക്കുന്നതുമായ ആഹാര- പാനീയങ്ങൾ ഒഴിവാക്കുക. ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ പരമാവധി ശ്രദ്ധ പുലർത്തുക.തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക.

എപ്പോഴും കൈകൾ വൃത്തിയാക്കുക. കണ്ണിലോ മുഖത്തോ സ്‌പർശിക്കാതിരിക്കുക. സ്‌പർശിക്കേണ്ടി വന്നാൽ അതിന് മുൻപ് കൈകൾ കഴുകുക. മലേറിയയും ഡെങ്കിപ്പനിയും പരത്തുന്ന കൊതുകുകൾ മുട്ടിയിടുന്നതിനാൽ വീടിനുള്ളിലോ പരിസരത്തോ വെള്ളം കെട്ടിനിൽക്കാതെ നോക്കുക. ഈർപ്പമുള്ള സ്‌ഥലങ്ങളിൽ അണുനാശിനി തളിച്ച് ശുചിത്വം ഉറപ്പാക്കുക. പനി, കുളിര്, വിറയൽ, തലവേദന, ശരീരവേദന, രക്തസ്രാവം, താഴ്ന്ന രക്തസമ്മർദ്ദം എന്നിവ കണ്ടാൽ അടിയന്തര വൈദ്യസഹായം തേടുക.