വലിയ വലിയ സിദ്ധാന്തങ്ങൾക്കുകാരണം പ്രകൃതിയുടെ ചില കുസൃതികളാണ്. മുകളിലേക്കെറിഞ്ഞ ആപ്പിൾ താഴോട്ട് വരുന്നു. പാത്രത്തിൽ കയറിയിരിക്കുമ്പോൾ തത്തുല്യമായ വെള്ളം കവിഞ്ഞൊഴുകുന്നു. കൊച്ചുകൊച്ചു കുസൃതികൾ വലിയ ചിന്തകളിലേക്ക് നയിക്കുന്നു. അത് എക്കാലത്തേയും വലിയ കണ്ടുപിടിത്തങ്ങളായി മാറുന്നു. പച്ചക്കറി കട നടത്തുന്ന സരോജം പ്രീഡിഗ്രിവരെ പഠിച്ചു. പത്താംക്ലാസിൽ നല്ല മാർക്കുള്ളതുകൊണ്ട് അയൽവാസികൾ സയൻസ് ഗ്രൂപ്പെടുക്കാൻ പ്രേരിപ്പിച്ചു. പക്ഷേ രണ്ടുമാസം പഠിച്ചപ്പോൾ മടുത്തു. കാരണം വീട്ടിൽ വഴികാട്ടാൻ ആരുമില്ല. അഞ്ചാം ക്ലാസിനപ്പുറം പഠിച്ചവരുമില്ല, കുടുംബാംഗങ്ങളില്ല.പണ്ട് പഠിച്ച ചില തത്വങ്ങൾ അവസരത്തിലും അനവസരത്തിലും തട്ടിവിടും. ചിലപ്പോൾ സാഹചര്യങ്ങൾക്കൊത്തുവരും.
സ്കൂളിൽ പഠിപ്പിച്ച തങ്കപ്പൻ മാഷ് സാധനം വാങ്ങാൻ വരുമ്പോൾ കേട്ടുനിൽക്കും. നല്ല സാഹചര്യമുണ്ടായിരുന്നെങ്കിൽ നല്ല നിലയിൽ എത്തേണ്ട കുട്ടിയായിരുന്നു. തങ്കപ്പൻസാർ പലരോടും പറയാറുണ്ട്. പഠിച്ച് ജോലികിട്ടിയില്ലെങ്കിലും തനിക്ക് നല്ല ബുദ്ധിയുണ്ടെന്ന് ഒരു അദ്ധ്യാപകൻ പറഞ്ഞല്ലോ എന്ന സന്തോഷമായിരിക്കും സരോജത്തിന്. അടുത്തകാലത്ത് പച്ചക്കറിവാങ്ങാൻ വന്ന തങ്കപ്പൻസാറിനോട് ഐസക് ന്യൂട്ടന്റെയും ആർക്കിമിഡീസിന്റെയും കാര്യങ്ങൾ സരോജം പറഞ്ഞു. സ്വന്തം മകളെക്കുറിച്ചു പറയുന്നതിനിടയിലായിരുന്നു ശാസ്ത്രജ്ഞന്മാരുടെ പേരും കടന്നുവന്നത്. സരോജത്തിന്റെ മകൾ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. തനിക്ക് പറ്രിയ അബദ്ധങ്ങൾ മകൾക്ക് സംഭവിക്കരുത്. അവൾക്ക് ഒരു കുറവും സംഭവിക്കരുത്. ശരീരത്തിൽ ഒരുതരിപൊന്നുപോലും ധരിക്കാൻ പറ്റിയിട്ടില്ല. അത് മകൾക്ക് ഉണ്ടാകരുത്. ചെറിയചെറിയ ചിട്ടികളിലൂടെ സ്വരുകൂട്ടിയ തുക കൊണ്ട് കഴുത്തിൽ ഒരു സ്വർണമാല.
കൈകളിൽ ഓരോ വള. താൻ സമയത്ത് പഠിക്കാത്തതിന്റെ വില പിൽക്കാലജീവിതം പഠിപ്പിച്ചു. ഒരു ജോലി തരപ്പെടുത്താത്തതിന്റെ ബുദ്ധിമുട്ട് കുടുംബമായപ്പോൾ പഠിച്ചു. പരീക്ഷകൾ കഴിഞ്ഞിട്ട് എത്രനന്നായി പഠിച്ചിട്ടും എന്തു കാര്യം. സരോജത്തിന്റെ വിലപ്പെട്ട സ്വപ്നവും പ്രതീക്ഷയുമായിരുന്ന മകൾ ഒരുയുവാവിനൊപ്പം ചുറ്റിക്കറങ്ങുന്നതായി പറഞ്ഞ ചിലരോട് കയർത്തു. ശാസിച്ചു. പൊലീസ് കേസ് കൊടുക്കുമെന്നുവരെ പറഞ്ഞു. എന്നിട്ടും മനസ് ശാന്തമായില്ല.
ബീച്ചിൽ വച്ച് അസമയത്ത് താക്കീതുചെയ്തുവിട്ടെന്ന് നാട്ടുകാരനായ ഒരു പൊലീസുകാരൻ പറഞ്ഞപ്പോൾ സരോജം തകർന്നുപോയി.ഇരുപത്തിയഞ്ചുവർഷം മുമ്പ് ഞാൻ ചെയ്തത് എന്റെ മകൾ ഇപ്പോൾ എന്നോട് ചെയ്തു. അമ്മയുടെ ഹൃദയവേദനയുടെ ആഴം ഇപ്പോൾ ഞാൻ കാണുന്നു. ആ നെഞ്ചിൽ അന്നെരിഞ്ഞ വിറകുകൊള്ളികൾ ഇപ്പോൾ എന്റെ മനസിലും കത്തിക്കൊണ്ടിരിക്കുന്നു. ആര് ആരെയാണ് ശിക്ഷിക്കുന്നത്. ആര് ആരോടാണ് ക്ഷമിക്കുന്നത്. സരോജത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പഴയ അദ്ധ്യാപകൻ മൗനം ഭജിച്ചു.
(ഫോൺ : 9946108220)