
കൊച്ചി: ദുബായിലെ ബിസിനസുകാരനായ ആർ.ഹരികുമാർ ഇപ്പോൾ ഗൾഫിലെ മലയാളി പ്രവാസികൾക്കിടയിലെ ഹീറോയാണ്. പ്രവാസികൾക്ക് നാട്ടിലെത്താൻ സഹായവുമായാണ് ഈ വ്യവസായി എത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇദ്ദേഹത്തിന്റെ കന്പനിയിൽ ജോലിചെയ്യുന്ന 120 പ്രവാസി സ്റ്റാഫുകൾക്ക് സൗജന്യമായി നാട്ടിലെത്താൻ ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച അവർ കൊച്ചിയിലേക്ക് തിരിച്ചു. ഗൾഫിലെ എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ആര്‍. ഹരികുമാര്‍.
തിരിച്ച് ഗൾഫിലേക്ക് മടങ്ങിയെത്തിയാലും ഇവരെ തങ്ങളുടെ സ്റ്റാഫുകളായിത്തന്നെ പരിഗണിക്കുമെന്നും അദ്ദേഹം പറയുന്നു. മൂന്ന് മാസത്തെ അവധിയാണ് തൊഴിലാളികൾക്ക് ഹരികുമാർ നൽകിയതെന്നാണ് റിപ്പോർട്ട്. അവർക്ക് ഒരുമാസത്തെ ശമ്പളം നൽകും. തിരിച്ചുവരാനുള്ള ടിക്കറ്റും അവർക്ക് ഉറപ്പു നൽകും. കൂടാതെ ഹരികുമാറിന്റെ എലെെറ്റ് ഗ്രൂപ്പിന്റെ കോയമ്പത്തൂരിലെ യൂണിറ്റിൽ ജോലിചെയ്യാൻ ഓപ്ഷനും നൽകിയിട്ടുണ്ട്.
120 ജീവനക്കാരെ കൂടാതെ കേരളത്തിലേക്കുള്ള കൊച്ചി വിമാനത്തിൽ കൊവിഡ് ടാസ്ക്ക് ഫോഴ്സിൽ രജിസ്റ്റർ ചെയ്ത ഓൾ കേരള അലൂമിനി ഫോറത്തിൽപ്പെട്ടവരെയും ഉൾപ്പെടുത്തിയിരുന്നു. ഇവർക്കൊപ്പം ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത 50 പേർക്കും സൗകര്യം ഒരുക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ ഗൾഫ് വ്യസായികൾ എങ്ങനെ പ്രവർത്തിക്കുന്ന എന്നതിന് ഉദാഹരണമാണിത്. തൊഴിൽ നഷ്ടപ്പെടുമെന്നോർത്ത് നിൽക്കുന്ന പ്രവാസികൾക്ക് ആശ്വാസവും മറ്റുള്ളവർക്ക് മാതൃകയും കൂടിയാണ് ഈ മലയാളി വ്യവസായി.
ഹരികുമാർ ചാർട്ടർ ചെയ്ത എയർ അറേബ്യ ജി 9427 ജൂൺമാസത്തിൽ സംസ്ഥാനത്തെത്തുന്ന 800 ഓളം സ്വകാര്യ ജെറ്രുകളിൽ ഒന്നുമാത്രമാണ്. വിദേശത്ത് കുടുങ്ങിയ പ്രവാസികളെ എത്തിക്കുന്നതിനായി 360 ഫ്ളെെറ്റുകൾ മാത്രമാണ് വന്ദേഭാരത് ദൗത്യത്തിലൂടെ കേന്ദ്രം അനുവദിച്ചത്.
"ഞാൻ അവർക്ക് മൂന്ന് മാസത്തെ അവധി നൽകുന്നു. നിലവിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ അവർക്ക് തിരിച്ചുവരാനുള്ള സൗകര്യവും ഒരുക്കും. നാട്ടിൽ സാമ്പത്തിക്ക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവരെ സഹായിക്കും-ഹരികുമാർ പറഞ്ഞു.
രണ്ടാത്തെ ഫ്ലെെറ്റും ചാർട്ടർ ചെയ്യാനായി ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. 300ഓളം ടിക്കറ്റുകൾ ക്രമീകരിക്കാൻ ശ്രമിക്കുകയാണ്. ടിക്കറ്റിന്റെ 70 ശതമാനം തുകയും ഞാൻ വഹിക്കും. എന്റെ സ്റ്റാഫുകൾ 15 വർഷമായി എന്നോടൊപ്പം പ്രവർത്തിക്കുന്നു. തൊഴിലാളികളാണ് എന്റെ നട്ടെല്ല്. ഞാൻ ഇന്ന് അവർക്ക് നന്ദി പറയുന്നു"-ഹരികുമാർ പറഞ്ഞു.
"യാത്രക്കാരിൽ കൂടുതലും ദുരിതം അനുഭവിക്കുന്നവരാണ്. ഈ സ്ഥിതി വച്ച് അവർക്ക് നിലനിൽക്കാൻ സാധിക്കില്ല എ.കെ.സി.എഫ് ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ വ്യക്തമാക്കി. ദുരിതത്തിലായ 400 ഇന്ത്യക്കാർക്കുകൂടി ടിക്കറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. മൂന്ന് ഫ്ലെെറ്റുകൾ ചാർട്ടർ ചെയ്യാൻ പദ്ധതിയിട്ടുണ്ട്"-ബിജുകുമാർ കൂട്ടിച്ചേർത്തു.