സുശാന്ത് സിംഗ് രാജ് പുതിന്റെ മരണത്തെച്ചൊല്ലി വിവാദങ്ങളുടെ ഇരുളിലായി ബോളിവുഡ് . സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രംഗത്തെത്തിയതിനു പുറമെ സുശാന്തിനെ സമ്മർദ്ദത്തിലാക്കുന്ന പലസംഭവങ്ങളും ബോളിവുഡിൽ അരങ്ങേറിയതായി ചില സുഹൃത്തുക്കളും സഹപ്രവർത്തകരും ആരോപിക്കുന്നു. ഞായറാഴ്ചയാണ് മുംബൈയ് ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അപ്രതീക്ഷിതമായ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ബോളിവുഡ്. വിഷാദ രോഗത്തിന് അടിപ്പെട്ട് സുശാന്ത് ആത്മഹത്യ ചെയ്‌തെന്ന് ഒരുവിഭാഗം വ്യക്തമാക്കുമ്പോൾ മരണത്തിൽ ബോളിവുഡിലെ ചില ചെയ്തികൾക്ക് പങ്കുണ്ടെന്നു തുറന്നു പറയുന്നു ഒരു വിഭാഗം താരങ്ങൾ.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ കരൺ ജോഹറിനും ആലിയഭട്ടിനുമെതിരേ പ്രതിഷേധം ഉയരുമ്പോഴാണ് താരങ്ങളുടെ ഈ തുറന്നു പറച്ചിൽ. ബോളിവുഡിലെ സ്വജനപക്ഷപാതവും 'ഖാൻ-കപൂർ മാഫിയ' ആധിപത്യവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ട്വിറ്ററിൽ ആരോപണമുയരുന്നത്. ബോളിവുഡിലെ ചില മത്സരങ്ങളാണ് അദ്ദേഹത്തെ വിഷാദരോഗത്തിലേക്ക് എത്തിച്ചെന്നും ഒരുവിഭാഗം പറയുന്നു. സുശാന്തിന്റെ കഴിവുകളെ വേണ്ടവിധത്തിൽ ബോളിവുഡ് അംഗീകരിച്ചില്ലെന്നും ,മരണശേഷം കണ്ണീർവീഴ്ത്തുന്ന ബോളിവുഡിലെ ചില കൈകൾ തന്നെയാണ് ആ ചിരി മായ്ച്ചതെന്ന് ആരാധകരും കുറ്റപ്പെടുത്തുന്നു.
സുശാന്തിനെ നേരിട്ട് അറിയില്ലെന്നും എന്നാൽ ആ മരണം ബോളിവുഡിന്റെ ക്രൂരതയുടെ ഓർമപ്പെടുത്തലായി നിൽക്കുമെന്നുമാണ് ധർമേന്ദ്രയുടെ വാക്കുകൾ . സുശാന്ത് സിംഗ് മരിച്ചതിന് പിന്നിൽ ബോളിവുഡിലെ കിടമത്സരമാണോ കാരണമെന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സുശാന്തിനെ മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദ അന്വേഷണം നടത്തും.പ്രൊഫഷനിലെ സ്പർദ്ധ വിഷാദത്തിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകൾ മുംബയ് പൊലീസ് അന്വേഷിക്കുമെന്നാണ് അനിൽ ദേശ്മുഖിന്റെ ട്വീറ്റ് . നടി മീര ചോപ്രയും ബോളിവുഡിലെ തെറ്റായ പ്രവണതകളെക്കുറിച്ച് വിശദീകരിച്ചിരുന്നു.
ബോളിവുഡ് താരം നിഖിൽ ദ്വിവേദി ഒരുപിടി ചോദ്യങ്ങളാണ് ചോദിക്കുന്നത്.' കരിയറിൽ വിജയിച്ച് നിൽക്കുമ്പോഴാണ് ഇത്തരക്കാർ കൂടെ നിൽക്കുക. ബോളിവുഡ് സിനിമാലോകത്തിന്റെ കാപടനാട്യം ഇപ്പോൾ മനസിലാവുന്നു. സുശാന്തിന്റെ മരണ വാർത്തയോട് ചില സിനിമാതാരങ്ങളുടെ പ്രതികരണം കാണുമ്പോൾ സഹതാപം തോന്നുന്നു. സുശാന്തിനോട് അവർ അടുപ്പം പുലർത്താതിരുന്നതിൽ വിഷമമുണ്ട് . അതിൽ ആരാണ് കുറ്റക്കാർ? ആരാണ് അയാളുടെ കരിയർ താഴേക്ക് കൂപ്പുകുത്തിച്ചത്? ദയവ് ചെയ്ത് മിണ്ടാതിരിക്ക്? നിങ്ങൾ ഇമ്രാൻ ഹാഷ്മിയുമായി അടുപ്പത്തിലായിരുന്നോ? അല്ലെങ്കിൽ അഭയ് ഡിയോൾ. അല്ലല്ലോ? പക്ഷേ ഇവരൊക്കെ കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ അരികിൽ ഉണ്ടാകും.'നിഖിൽ ദ്വിവേദി കുറിച്ചു.
'സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണ്, ആത്മഹത്യ ചെയ്യില്ല. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു' നടന്റെ പാട്‌നയിലെ വീട്ടിലെത്തിയ ജൻ അധികാർ പാർട്ടി തലവൻ പപ്പു യാദവിന്റെ പ്രതികരണം ഇങ്ങനെ.
ആത്മഹത്യയായി ചിത്രീകരിക്കുന്നവർക്കെതിരെ കങ്കണ
''സുശാന്തിന്റ കഴിവുകളെ ഒരിക്കലും ബോളിവുഡ് അംഗീകരിച്ചിരുന്നില്ല. ബോളിവുഡിലെ ഒരു വിഭാഗം സുശാന്തിന്റെ ദുർബല മനസാണ് ആത്മഹത്യയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഇതൊരിക്കലും ആത്മഹത്യയില്ല , ഈ കൊലപാതകത്തിന് പിന്നിൽ ബോളിവുഡിലെ സ്വജനപക്ഷപാത വിഭാഗമാണ്. സുശാന്ത് ഒരു റാങ്ക് ഹോൾഡറാണ്. അത്തരമൊരാളുടെ മനസ് എങ്ങനെയാണ് ദുർബലമാവുക. കഴിവിനനുസരിച്ചുള്ള കാര്യങ്ങൾ ഒരാൾക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും താരങ്ങൾ വ്യക്തിജീവിതത്തിൽ ഇത്തരം മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, മാദ്ധ്യമങ്ങൾ അവരോട് ഒരൽപ്പം മനുഷ്യത്വത്തോടെ പെരുമാറണം. അല്ലാതെ കാര്യങ്ങൾ അവർക്ക് കൂടുതൽ പ്രശ്‌നമുണ്ടാക്കുന്ന തരത്തിലേക്ക് മാറ്റരുത്. ആരാധകരോട് സ്വന്തം ചിത്രങ്ങൾ കാണാൻ വേണ്ടി അഭ്യർത്ഥിക്കേണ്ടി വന്നിട്ടുണ്ട് സുശാന്തിന്. കാരണം അദ്ദേഹത്തിന് ബോളിവുഡിൽ ഗോഡ്ഫാദറില്ല. ധോണി, കേദാർനാഥ്, ചിച്ചോരെ പോലുള്ള മികച്ച ചിത്രങ്ങൾക്ക് പോലും സു
ശാന്തിന് അവാർഡുകളൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കൊലപാതകത്തെ ആത്മഹത്യയായി മാറ്റാൻ ശ്രമിക്കുന്നവർ തന്നെയാണ് ഈ മരണത്തിന് ഉത്തരവാദികൾ.'' കങ്കണ റനൗട്ട് ട്വീറ്റിൽ കുറിച്ചു.