hc-pak

ന്യൂഡൽഹി: പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കസ‌്റ്റഡിയിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനം. രാവിലെ 8.30യോടെ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിനടുത്തുള‌ള പെട്രോൾ പമ്പിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. രാത്രി 9 മണി വരെ നിരന്തരം ചോദ്യം ചെയ്യലും കൊടിയ പീഡനവുമാണ് ഇവർക്ക് പാകിസ്ഥാൻ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്നത്.

കസ‌്റ്റഡിയിലെടുത്തയുടൻ കണ്ണുകൾ മൂടിക്കെട്ടി ചാക്കുപയോഗിച്ച് തല മൂടി,​ പിന്നീട് കൈകൾ പിന്നോട്ടാക്കി വിലങ്ങു വച്ചു. ഇരുമ്പ് വടികളും തടിയും ഉപയോഗിച്ച് പിന്നീട് മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും മലിനജലം കുടിപ്പിക്കുകയും ചെയ്‌തു. ഹൈക്കമ്മീഷനിലെ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലകളെ കുറിച്ചറിയാനാണ് പാകിസ്ഥാൻ അധികൃതർ ഇവരെ ചോദ്യം ചെയ്തത് എന്നാണ് അറിയുന്ന വിവരം.

രാത്രി വിട്ടയച്ച ഇവർ ട്രാഫിക് നിയമം ലംഘിച്ചുവെന്ന വ്യാജേനെയാണ് തട്ടിക്കൊണ്ടു പോയത്. പൊതുസ്ഥലത്ത് നിന്നും തട്ടിക്കൊണ്ടു പോയ ഇവരെ മർദ്ദിക്കുകയും പാകിസ്ഥാൻെറ കള്ളനോട്ടുകൾ പിടിച്ചെടുത്തു എന്ന കുറ്റം ചുമത്തുകയും ചെയ്തു. വഴിവക്കിൽ നിന്നവരെ ഇടിച്ചതിനാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് പാകിസ്ഥാനിലെ മാദ്ധ്യമങ്ങൾ വാർത്ത നൽകി. പാകിസ്ഥാന്റെ ഈ ആസൂത്രിതനീക്കത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെയാണ് കസ്‌റ്റഡിയിൽ എടുത്തവരെ വിടേണ്ടി വന്നത്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് പാക് രഹസ്യാന്വേഷണ വിഭാഗമാണ്. മന:പൂർവം നയതന്ത്ര ഉദ്യോഗസ്ഥരെ പിൻതുടരുകയും അവഹേളിക്കുകയും ചെയ്യുന്ന ഐ.എസ്.ഐയുടെ നടപടിയിൽ ഇന്ത്യ വിശദീകരണം ചോദിച്ചതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോക്ക്.

പതിനായിരം രൂപയുടെ കള്ളനോട്ട് ഇരുവരുടെയും കയ്യിൽ നിന്നും കണ്ടെത്തിയെന്ന് വ്യാജപ്രചാരണവും ഇവർ പാകിസ്ഥാനിൽ നടത്തി. കസ്റ്റഡിയിൽ വച്ച് മർദ്ദനമേറ്റതിൻെറ പാടുകൾ ഉദ്യോഗസ്ഥരുടെ ശരീരത്തിലുണ്ട്. 1992ലെ വിയന്ന കരാർ അനുസരിച്ച് നയതന്ത്ര പ്രതിനിധികളെ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് പാകിസ്ഥാൻ നടത്തിയിരിക്കുന്നതെന്ന് ഇന്ത്യ വെളിപ്പെടുത്തി. അതീവഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്കല്ലാതെ ഒരു രാജ്യത്തിന്റേയും നയതന്ത്ര പ്രതിനിധികളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ആർക്കും അനുവാദമില്ലെന്ന നയം പാകിസ്ഥാൻ തെറ്റിച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥരെ ചാരപ്രവൃത്തിയുടെ പേരിൽ ഇന്ത്യ പിടികൂടി പുറത്താക്കാൻ തീരുമാനിച്ചതിന്റെ പ്രതികാരം കൂടിയാണ് ഈ നടപടി എന്നാണ് കേന്ദ്രം കണക്കാക്കുന്നത്. മേയ് 31നാണ് ഇവരെ പിടികൂടി 24 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നത്.