ന്യൂസിലാൻഡ്: കൊവിഡിൽ നിന്നും മുക്തിനേടിയ ന്യൂസിലാൻഡിൽ വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. യു.കെയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രാജ്യത്തുനിന്നും ഒഴിവാക്കിയത്. കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസിലാൻഡ് മാറിയിരുന്നു.
24 ദിവസത്തോളം പുതുതായി കൊവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിൽ രാജ്യം കൊവിഡ് മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. തുടർന്നാണ് രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്.
അതേസമയം, പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ മുന്നറിയിപ്പ് നൽകിയിരുന്നു. യു.കെയിലേക്കുള്ള സമീപയാത്രയുടെ ഫലമായാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂസിലാൻഡിൽ ഇതുവരെ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്