നല്ലൊരു ഫോട്ടോ കണ്ടാൽ അത് പോസ്റ്റ് ചെയ്യാനും പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയ എപ്പൊഴേ റെഡിയാണ്. നേരത്തെ ഫോട്ടോഗ്രാഫി അറിയുന്നവരുടെയും ഡാർക്ക് റൂമിന്റെയും കൈയിലായിരുന്നു ഫോട്ടോകൾ. മാത്രമല്ല ഒരുകാലത്ത് സമ്പന്നരുടെ വിലയേറിയ ഹോബികളിൽ ഒന്നായിരുന്നു സ്വന്തമായ ഒരു കാമറയും ഫോട്ടോയെടുപ്പും. ഇന്നതിനെല്ലാം മാറ്റം വന്നു. തിരിച്ചറിയൽ കാർഡുമുതൽ ചരമക്കുറിപ്പുകൾവരെ ഫോട്ടോഗ്രാഫിയുടെ പിടിയിലായി. ഭൂരിഭാഗം ആൾക്കാരുടെയും വിനോദ ഉപാധികളായ ടിവിയിലും സിനിമയിലും എന്തിനേറെ കുറ്റാന്വേഷണത്തിനു വരെ ഫോട്ടോഗ്രാഫി നിത്യസാന്നിദ്ധ്യമായി. ഏറ്റവും ഒടുവിൽ സാധാരണക്കാരുടെ വിരൽത്തുമ്പിലെ വെറും വിനോദമായും മാറി!
ആധുനികതയിലേക്കുള്ള അമിതാസക്തി ജനങ്ങളെ യാന്ത്രിക ജീവിതത്തിലേക്ക് തള്ളിവിട്ടു. സാങ്കേതിക വളർച്ചയുടെ മുന്നേറ്റം സെൽഫോൺ തുടങ്ങിയ ചെറിയ ഡിവൈസുകളിൽ വരെ നല്ല ചിത്രങ്ങളെടുക്കാനുള്ള കാര്യപ്രാപ്തി നൽകി. നല്ല ചിത്രങ്ങളെടുക്കാൻ ഇന്നും ഏറെ സമയവും ക്ഷമയും ആവശ്യമാണ്. പക്ഷേ എളുപ്പവഴിയിൽ ക്രിയ ചെയ്യാനാണല്ലോ എല്ലാവർക്കും താത്പര്യം! അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എന്നും രാവിലെയും രാത്രിയും വരുന്ന ഗുഡ്മോർണിംഗും ഗുഡ് നൈറ്റും. മിടുക്കൻമാരായ ഫോട്ടോഗാഫർമാർ വളരെ കഷ്ടപ്പെട്ട് എടുത്ത ഒന്നാന്തരം ചിത്രങ്ങൾ അടിച്ചുമാറ്റി അതിൽ ആശംസകൾ എഴുതി പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.
പ്രൈമറി സ്കൂളുകളിൽ പഠിത്തത്തേക്കാൾ കുട്ടികൾക്ക് കളികളിലും മറ്റു വിനോദങ്ങളിലുമായിരിക്കുമല്ലോ ഇഷ്ടം. കളികളിലൂടെ കാര്യങ്ങൾ ലളിതമായി പറഞ്ഞു മനസിലാക്കാനാണ് ടീച്ചർമാർ ശ്രമിക്കുന്നതും. ഇവർക്ക് കളിക്കാനായി ഓരോ സ്കൂളിലും പലതരം കളിയുപകരണങ്ങളും റൈഡുകളും ഉണ്ടാകും. ഒരു വശത്തുകൂടി കയറിവന്നു കുട്ടികൾ താഴേക്കു നിരങ്ങി നീങ്ങുന്ന സീസോ അറിയുമല്ലോ. അതേപോലെ ഒരു കെട്ടിടത്തിന്റെ മുകളിലെ ടെറസ്സിന്റെ സൈഡ് വാളിൽ ഞാൻ ഒരു കാഴ്ച കണ്ടു. രണ്ട് പ്രാവുകൾ നടന്നു വരുന്നു. മുമ്പേ വന്നത് കുട്ടികൾ നിരങ്ങുപോലെ അതിന്റെ സ്ലോപ്പായ ഭാഗത്തുകൂടി താഴേക്കു നിരങ്ങിയിറങ്ങുന്നു.
അടുത്തതും അതിനു തയ്യാറെന്നമട്ടിൽ തൊട്ടുപിന്നാലെ വന്നു എത്തിനോക്കുന്നു. വളരെ രസകരവും അപൂർവവുമായ ആ ദൃശ്യം അപ്പോൾത്തന്നെ ഞാൻ പകർത്തി.