sa

അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജുമായാണ് സംവൃത സുനിൽ സിനിമയിൽ എത്തുന്നത്. രസികനിലെ തങ്കിയായി മലയാള സിനിമയിൽ എത്തി വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് ഏഴുവർഷങ്ങൾക്ക് ശേഷം നടി ഗീതയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. മടങ്ങി വരവിനെക്കുറിച്ചും, പുത്തൻ വിശേഷങ്ങളെക്കുറിച്ചും സംവൃത മനസുതുറക്കുന്നു...

ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു

വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല.ഒരു ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു.കുടുംബ ജീവിതം നന്നായി ആസ്വദിക്കണമെന്ന് തോന്നി.ആ തീരുമാനം നല്ലതായിരുന്നു.അഖിലേട്ടന്റെയും എന്റെയും വീട്ടുകാരുടെ പിന്തുണയാണ് മടങ്ങി വരവിന് സഹായിച്ചത്.നല്ല സിനിമയാണെന്ന് അറിഞ്ഞപ്പോൾ അവരെന്നെ പ്രോത്സാഹിപ്പിച്ചു. ബിജു ചേട്ടന്റെ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് ഭാഗ്യമായി കാണുന്നു.സംവൃതയ്ക്ക് ഒരു മാറ്റവുമില്ലെന്നും മുൻപ് കണ്ട പോലെയുണ്ടെന്നും പറയുന്നവരുണ്ട്. സത്യമാണത്.വലിയ മാറ്റം വന്നില്ല.എന്നാൽ ചെറിയ മാറ്റമുണ്ട്.എനിക്ക് അത് അറിയാൻ കഴിയുന്നുണ്ട്.



ജീവിതത്തിന്റെ ഭാഗമാണ് യു.എസ്

അഖിലേട്ടനൊപ്പം യു.എസിൽ വന്നപ്പോൾ അവധിക്കാല മൂഡായിരുന്നു. പുതിയ സ്ഥലം, പുതിയ ആളുകൾ, തീർത്തും പുതിയ ലോകം.ഞാൻ അത് ആസ്വദിച്ചു.സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു.മെല്ലെ ഞാൻ എന്റെ തിരക്കുകളിൽ മുഴുകി.ഇപ്പോൾ ഓർക്കുമ്പോൾ മനസ് നിറയുന്നു.എന്റെ ജീവിതത്തിന്റെ ഭാഗമാണ് യു.എസ് ഇപ്പോൾ. അവിടെ എത്തിയശേഷമാണ് പാചകം പഠിച്ചത്.അതിനു മുൻപ് പാചകത്തിൽ പരീക്ഷണമൊന്നും നടത്തിയിട്ടില്ല. ഓരോന്നായി ചെയ്തു പഠിച്ചു.പതിയെ പാചകത്തിൽ കൂടുതൽ മുഴുകി.യാത്രയും സിനിമകളും ആസ്വദിച്ച് യു.എസ് ജീവിതം മുന്നോട്ട് പോയി.

അമ്മ എന്ന നിലയിൽ ഹാപ്പിയാണ്

മോൻ ജനിച്ചശേഷം ജീവിതമാകെ മാറി.അമ്മയുടെ ഉത്തരവാദിത്വം വളരെ വലുതാണ്.അഖിലേട്ടന് അച്ഛന്റെ ഉത്തരവാദിത്വവും.യാത്രകളും സിനിമകളും കുറച്ചു.മോന്റെ താത്പര്യം ഞങ്ങളുടെ ഇഷ്ടമായി.മോൻ ഇപ്പോൾ പ്രീ സ്‌കൂളിൽ പഠിക്കുന്നു.അമ്മ എന്ന നിലയിലും ഞാൻ സന്തോഷവതിയാണ്


താരപരിവേഷമില്ലാത്ത ജീവിതം


യു.എസിൽ എനിക്ക് താരപരിവേഷമൊന്നുമില്ല.നോർത്ത് കരോളിനയിലെ ഷാർലറ്റിലാണ് താമസിക്കുന്നത് .പുതിയ വീട് വാങ്ങി.വീട്ടു ജോലികൾ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണ വീട്ടമ്മയാണ് ഞാൻ. നാട്ടിൽ പോവുമ്പോഴാണ് സിനിമാ താരമായിരുന്നെന്ന് ഓർക്കുന്നത്.

സിനിമ സൗഹൃദങ്ങൾ

ഇടയ്ക്ക് സിനിമയിലെ സൗഹൃദം പുതുക്കാറുണ്ട്. 'ചോക്‌ളേറ്റിന്റെ മധുരമായ ഓർമ്മകൾ പങ്കുവച്ച് രാജുവും(പൃഥ്വിരാജ്) ജയേട്ടനും(ജയസൂര്യ) ഞാനും കേക്ക് മുറിച്ച് ആഘോഷിച്ചത് മറക്കാനാവാത്ത അനുഭവമാണ്. എത്ര രസകരമായിരുന്നു ചോക്‌ളേറ്റിന്റെ ഷൂട്ടിംഗ് ദിവസങ്ങൾ.വീണ്ടും സിനിമയിൽ സജീവമാകണമെന്നാഗ്രഹമില്ല.ഇതുപോലെ ഇടവേളയ്ക്കുശേഷമായിരിക്കും അടുത്ത സിനിമ.എന്നെ ആകർഷിക്കുന്ന കഥയും നല്ല സംവിധായകരുടെ സിനിമയും വന്നാൽ തീർച്ചയായും ചെയ്യും.