ബീജിംഗ്: സിൻഫാഡി മാർക്കറ്റിലെ മത്സ്യ ചന്തയിൽ നിന്നും കണ്ടെത്തിയ കൊവിഡ് രോഗബാധ ചൈനയിൽ പിടിമുറുക്കുന്ന വിവരമാണ് ഏറ്റവും പുതിയതായി ലഭിക്കുന്നത്. ഇന്ന് ഇതുവരെ 8 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ അഞ്ചുദിവസത്തിൽ ഇതോടെ 106 കൊവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ബീജിംഗ് നഗരസഭ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബീജിംഗിൽ സ്ഥിതി അതീവ ഗുരുതരമാണ്.
മുൻപ് വുഹാനിൽ നിന്നും ആരംഭിച്ച ചൈനയിലെ ആദ്യഘട്ട കൊവിഡ് ബാധ നിരന്തരമായ ടെസ്‌റ്റിംഗിലൂടെയും കർശന ലോക്ഡൗണിലൂടെയും ചൈന നിയന്ത്രണ വിധേയമാക്കിയിരുന്നു. ബീജിംഗിലെ കനത്ത ജനസാന്ദ്രത ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടനയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം 90000 ടെസ്റ്രുകൾ നടത്താനുള്ള സംവിധാനം ബീജിംഗിൽ ചെയ്‌തിട്ടുണ്ട്. നഗരത്തിന് പുറത്തേക്ക് ഓട്ടം പോകുന്ന ടാക്‌സികൾ, വാടക വാഹനങ്ങൾ എന്നിവ വിലക്കി. പുറത്തേക്ക് കൊവിഡ് പടരാതിരിക്കാനാണിത്. ബീജിംഗിലെ കായികാഭ്യാസങ്ങൾക്കും വിനോദത്തിനുമുള്ള ഇൻഡോർ സ്‌റ്റേഡിയങ്ങൾ അടച്ചുപൂട്ടി. ബീജിംഗിൽ നിന്ന് വരുന്നവരെ ക്വാറന്റൈൻ ചെയ്യുമെന്ന് മറ്റ് നഗരങ്ങൾ അറിയിച്ചു. ബീജിംഗിനടുത്തുള്ള ഹെബൈ പ്രവിശ്യയിലും രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബീജിംഗ് വിട്ട് പോകുന്ന ഹൈറിസ്‌ക് മേഖലയിലെ ജനങ്ങൾ ചെല്ലുന്നയിടത്തെ പ്രാദേശിക ഭരണകൂടത്തിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശമുണ്ട്.
ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഷെംഗ് ജില്ലയിലെ ഒരു മാർക്കറ്രും അടച്ചുപൂട്ടി. ആകെ 276 സസ്യ മാർക്കറ്റുകൾ അണുമുക്തമാക്കി, 11 മാർക്കറ്റുകൾ അടച്ചു. 33000 ഭക്ഷണശാലകളും അണുമുക്തമാക്കി.
മേയ് 30 മുതൽ സിൻഫാഡി മാർക്കറ്റിൽ രണ്ട് ലക്ഷം ജനങ്ങൾ സന്ദർശിച്ചു എന്നാണ് അറിവ്. ഇവിടുത്തെ 8000 ജീവനക്കാരെ പരിശോധനക്ക് ശേഷം ക്വാറന്റൈൻ സംവിധാനത്തിലാക്കി. വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവർക്കാണ് ഇതിനു മുൻപ് ബീജിംഗിൽ കൊവിഡ് രോഗമുണ്ടായിരുന്നത്. യൂറോപിൽ കണ്ട വൈറസ് വകഭേദമാണ് ബീജിംഗിലെ മാർക്കറ്റിൽ നിന്ന് ലഭിച്ച വൈറസിലുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇറക്കുമതി ചെയ്ത സാൽമൺ മത്സ്യത്തെ മുറിക്കുന്ന ബോർഡിൽ നിന്നാണ് പുതിയ വൈറസ് ബാധ എന്നാൽ മത്സ്യത്തിൽ നിന്നാണോ കൊവിഡ് വന്നതെന്ന് വ്യക്തമല്ല.