( യോഗനാദം ജൂൺ 16 ലക്കത്തിൽ മാനേജിംഗ് എഡിറ്റർ വെള്ളാപ്പള്ളി നടേശൻ എഴുതിയ മുഖപ്രസംഗം )
ലോകത്തെ 216 രാജ്യങ്ങളിൽ നിന്നും കൊവിഡ്-19 രോഗവ്യാപനം സംബന്ധിച്ച് അനുനിമിഷം പുറത്തുവരുന്ന കണക്കുകൾ ഏറെ ആശങ്കാജനകമാണ്. വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗം ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ തീവ്രമാകുമെന്ന ചില ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ കൂടി ഇതോടൊപ്പം ചേർത്തുവായിക്കുമ്പോൾ സ്ഥിതി അതീവഗുരുതരമാണെന്ന് പറയാതെ വയ്യ. ഇത്തരമൊരുസാഹചര്യത്തിൽ കേന്ദ്ര-സംസഥാന സർക്കാരുകൾ എത്രതന്നെ കിണഞ്ഞു പരിശ്രമിച്ചാലും ജനങ്ങളും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകാൻ അധികസമയം വേണ്ടിവരില്ല. ലോക്ക്ഡൗൺ ഇളവുകൾ അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുകയും അനാവശ്യ സമ്പർക്കങ്ങളും യാത്രകളും ഒഴിവാക്കി ഓരോരുത്തരും സ്വയം നിയന്ത്രണത്തിന് വിധേയമാവുകയും ചെയ്യണം. പോലീസും ആരോഗ്യവകുപ്പ് അധികൃതരും ജനങ്ങളുടെ പിന്നാലെ നടന്ന് പ്രോട്ടോക്കോൾ നടപ്പിലാക്കുകയെന്നത് എപ്പോഴും പ്രായോഗികമായെന്നുവരില്ല. 2020 ജനുവരിയിലാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അത് കേരളത്തിലുമായിരുന്നു. അന്നുമുതൽ സംസ്ഥാന സർക്കാർ ആവശ്യമായ മുൻകരുതലുകളും കടുത്ത ജാഗ്രതയും പാലിച്ചതുകൊണ്ടുമാത്രമാണ് കേരളത്തിലെ രോഗവ്യാപനം ആദ്യഘട്ടത്തിൽ കുറെയെങ്കിലും നിയന്ത്രണവിധേയമാക്കാനായത്. എന്നാൽ വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ നമ്മുടെ സഹോദരങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെത്തുന്നതോടെ കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ആദ്യത്തേതിലും സൂക്ഷ്മതയോടെയുള്ള മുൻകരുതലുകളും പ്രതിരോധപ്രവർത്തനങ്ങളും ശക്തമാക്കുകമാത്രമാണ് ഇപ്പോഴത്തെ സാഹചര്യം നേരിടാനുള്ള പ്രതിവിധി. തുടക്കത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അതേപടി പാലിക്കാൻ ജനങ്ങൾ സന്നദ്ധരായതോടെ സർക്കാർ മിഷനറി ഫലപ്രദമായി ചലിപ്പിക്കാനായി. എന്നാൽ അന്നത്തേതിനേക്കാൾ രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയർന്നുകൊണ്ടിരിക്കുന്ന ആപത്കരമായ സാഹചര്യത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങളിൽ അയവുവരുത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാർക്കറ്റുകളിലും ബസ് സ്റ്റേഷനുകളിലുമൊക്കെ സാമൂഹികാകലം പാലിക്കുന്നതിൽ പലരും വിമുഖരാണ്. മൂന്നുനാലു മാസത്തെ ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്നവർക്ക് ഒരുപാട് കാര്യങ്ങൾ പരസ്പരം പറയാനുണ്ടെന്ന മട്ടിൽ ബസ്സ്റ്റേഷനുകളിലും പാതയോരത്തുമൊക്കെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കൂട്ടംകൂടുന്ന കാഴ്ച സർവസാധാരണമായിട്ടുണ്ട്. ഈ കാര്യത്തിൽ ഓരോരുത്തരും ആത്മനിയന്ത്രണം ഏർപ്പെടുത്തിയേ മതിയാകൂ. മുഖാവരണം ധരിക്കുക, മറ്റുള്ളവരുമായി നിശ്ചിതയകലം പാലിക്കുക, അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പഴയതിലും കുറേക്കൂടി കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. ലോകത്താകെ 77.5 ലക്ഷത്തോളം ആളുകളെയാണ് ഇതിനോടകം കൊവിഡ് മഹാമാരി ബാധിച്ചത് 50 ശതമാനത്തിലധികം പേർ രോഗമുക്തരായെന്നത് ആശ്വാസകരമാണെങ്കിലും മരണസംഖ്യ 4.5 ലക്ഷത്തോടടുക്കുന്നത് അത്ര ആശാസ്യമല്ല. ഈ കുറിപ്പ് തയ്യാറാക്കുമ്പോൾ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം കൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആഗോളതലത്തിൽ നാലാംസ്ഥാനത്തും ഏഷ്യയിൽ ഒന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ കണക്ക് 49.5 ശതമാനമാണ്. മരണസംഖ്യ പതിനായിരത്തോടടുക്കുകയുമാണ്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ പിൻതള്ളി മഹാരാഷ്ട്രസംസ്ഥാനം മുന്നേറുന്നത് ഏറെ ഗൗരവത്തോടെ കാണണം. അതോടൊപ്പം ദിവസം ശരാശരി പതിനായിരം എന്ന തോതിൽ രാജ്യത്തെ രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, യു.പി, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡീഷ, അസം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും രോഗവ്യാപനത്തിന് തീവ്രത കൂടുതലാണ്. നഗരങ്ങളിൽ നിന്ന് ഉൾനാടൻ ഗ്രാമങ്ങളിലേക്കും രോഗം പടരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യപോലെ ജനസാന്ദ്രതയേറിയ രാജ്യത്ത് പ്രതിരോധ മരുന്നുകൾ ലഭ്യമല്ലാത്ത പകർച്ചവ്യാധിയുടെ തോത് ഇത്തരത്തിൽ ഉയർന്നാൽ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഫലപ്രദമായ പ്രതിരോധമരുന്നുകൾ കണ്ടുപിടിച്ച് പ്രായോഗികമാക്കുന്നതുവരെ കൊവിഡ് മഹാമാരി തന്നെയാണ്. കേവലം വ്യക്തികേന്ദ്രീകൃതമായ ആരോഗ്യപ്രശ്നം മാത്രമല്ല രാജ്യത്തിന്റെ സമ്പദ്ഘടനയെയും തൊഴിൽ മേഖലയേയുമൊക്കെ ഊരാക്കുടുക്കിലാക്കുന്നതുമാണ്. നിരവധി വ്യവസായ സംരംഭങ്ങൾ ഇതിനോടകം അടച്ചുപൂട്ടപ്പെട്ടു. അതോടൊപ്പം തൊഴിൽരഹിതരായ പ്രവാസികളും കുടിയേറ്റ തൊഴിലാളികളും എല്ലാംകൂടിയാകുമ്പോൾ രാജ്യം പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുക തന്നെ ചെയ്യും. ഇന്ത്യയിൽ ആദ്യം കൊവിഡ്-19 റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ സ്ഥിതി മെച്ചമാണ്. എങ്കിലും സംസ്ഥാനത്ത് ഇപ്പോൾ 2.30 ലക്ഷത്തോളം ആളുകൾ നിരീക്ഷണത്തിലുണ്ട്.
പാലക്കാട്, കണ്ണൂർ, കാസർകോഡ്, തൃശൂർ, മലപ്പുറം, വയനാട്, കൊല്ലം, കോഴിക്കോട്, കോട്ടയം ജില്ലകളിലായി 151 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ അതിതീവ്രമേഖലകളായി പ്രഖ്യാപിച്ചിട്ടുമുണ്ട്. തുടക്കം മുതൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ച് സംസ്ഥാന സർക്കാരും ബഹുജനസംഘടനകളും ഭരണ-പ്രതിപക്ഷ ഭേദമന്യേ മുഴുവൻ രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്നതുകൊണ്ട് മാത്രമാണ് രോഗവ്യാപന തോത് നിയന്ത്രണവിധേയമാക്കാനായത്. അതേസമയം ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോൾ അടിയൊന്നുമായിട്ടില്ല വടിവെട്ടാൻ പോയതേയുള്ളു എന്നതാണ് യാഥാർത്ഥ്യം. രോഗികളുടെ എണ്ണത്തിൽ വേഗതയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതു കൊണ്ട് സമൂഹവ്യാപനമെന്ന വൻവിപത്തിലേക്ക് സംസ്ഥാനം വഴുതിവീഴാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഓരോരുത്തരും കൂടുതൽ ഉത്തരവാദിത്വത്തോടെ സ്വയം പ്രതിരോധിക്കുക മാത്രമാണ് കരണീയമായിട്ടുള്ളത്.