covid

യു.എ.ഇ: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. വേണ്ട മുൻ കരുതലുകളും നിയന്ത്രണങ്ങളും വരുത്തിയെങ്കിലും മരണനിരക്ക് ഉയരുകയാണ്. ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇതുസംബന്ധിച്ച് സുപ്രധാന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മരിച്ച 40 ശതമാനം പേരിലും പ്രമേഹരോഗമുണ്ടായിരുന്നതായാണ് കണ്ടെത്തൽ.

യു.എ.ഇയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവരോടും പ്രത്യേകിച്ച് പ്രമേഹ രോഗമുള്ളവരോടും മാസ്കും,​ സാമൂഹിക അകലം പോലുള്ള മുൻകരുതൽ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇവതന്നെയാണ് കൊവിഡ് വെെറസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന ഘടകമെന്നും ഇവർ വ്യക്തമാക്കുന്നു.

ആരോഗ്യകരമായ ജീവിതശെെലി ഉണ്ടാക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അതിരുകടക്കാനും പാടില്ലെന്ന് യു.എ.ഇ സർക്കാർ വക്താവ് അംന അൽ ദഹക് ഷംസി പറ‌ഞ്ഞു. രാജ്യത്തെ കൊവിഡ് റിപ്പോർട്ടുകളെ കുറിച്ച് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

"വെെറസിനെ നേരിടുന്നതിൽ ഞങ്ങൾ ഒരു പ്രധാനഘട്ടത്തിലെത്തി. ചില പോസിറ്റീവ് സൂചനകളുണ്ട്. എന്നാൽ രോഗം വർദ്ധിക്കാനുള്ല സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. മുൻകരുതലുകളോടെ ഇതിനെ മറികടക്കേണ്ടതുണ്ട്"-അൽ ദഹക് ഷംസി പറ‌ഞ്ഞു.