autofat

പട്ന: കൊവിഡ് രോഗബാധയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിതമാർഗമായ ആട്ടോ ഓടിക്കാൻ പറ്റാതെ വന്നതും ലോക്ഡൗൺ പിൻവലിച്ച ശേഷം വേണ്ടത്ര വരുമാനം നേടാനാകാത്തതും മൂലമുള്ള വിഷമത്തിൽ ആട്ടോ ഡ്രൈവർ ജീവനൊടുക്കി. ബീഹാറിലെ പട്നയ്ക്കടുത്തുള‌ള ഷാപുരിലാണ് സംഭവം. 25 വയസ്സുകാരനായ ആട്ടോ ഡ്രൈവർ ലോണെടുത്താണ് ആട്ടോ വാങ്ങിയത്. ലോക്ഡൗൺ കാലത്ത് വണ്ടി ഓടിക്കാൻ കഴിയാത്തതും അതിന് ശേഷം വേണ്ടത്ര വരുമാനം ലഭിക്കാത്തതും മൂലം തിരിച്ചടവ് മുടങ്ങിയിരുന്നു. വൈകാതെ ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതെ വന്നതോടെ ഭാര്യയും മൂന്ന് മക്കളുമുള്ള ഇയാൾ വിഷമത്തിലായി.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ഇയാൾക്കും കുടുംബത്തിനും റേഷൻ കാർഡ് പോലും നൽകിയില്ലെന്ന് ഇയാളുടെ അച്ഛൻ കുറ്രപ്പെടുത്തി.

മരണവാർത്ത അറിഞ്ഞതോടെ ഇയാളുടെ കുടുംബത്തിന് 25 കിലോ അരിയും ഗോതമ്പും അനുവദിച്ച് പട്ന ജില്ല മജിസ്‌ട്രേറ്റ് വീട്ടിലെത്തി ഇവ ഇയാളുടെ അച്ഛന് കൈമാറി. സംഭവത്തെ തുടർന്ന് ബിഹാറിലെ ശരിയായ വിഷയമായ പട്ടിണിയും തൊഴിലില്ലായ്‌മയും നിതീഷ് കുമാറും ബിജെപിയും ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. ബിഹാറിലെ തൊഴിലില്ലായ്‌മ നിരക്ക് 46.2 ശതമാനമാണെന്നാണ് CMIE(Centre for Monitoring Indian Economy) അറിയിച്ചു. ലോക്ഡൗൺ മൂലം തിരിച്ചെത്തിയ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്തെ വ്യവസായികളോട് അഭ്യർത്ഥിച്ചിരുന്നു. ആട്ടോകൾക്കും ഇ-റിക്ഷകൾക്കും സംസ്ഥാനത്ത് ഓടാമെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളിൽ ഇവർക്ക് ഓടാൻ അനുമതിയില്ല.